‘പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ’ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശനിയാഴ്ച നടന്ന പാചക മത്സര വേദിയില്‍ എത്തിയ ഏതൊരു വ്യക്തിയും അറിയാതെ ഈ പാട്ട് ഓര്‍ത്തു പോകും. റോസാപ്പൂവ് മുതല്‍ പനിക്കൂര്‍ക്ക വരെ, ബീറ്റ്‌റൂട്ട് മുതല്‍ കാരറ്റ് വരെ, ഇടിച്ചക്ക മുതല്‍ ചക്കക്കുരു വരെ.. അത്ഭുതപെടുത്തുന്ന തരം കൂട്ടുകള്‍ കൊണ്ട് വൈവിധ്യങ്ങളുടെ കലവറ തന്നെയായി മത്സര വേദി. രുചിക്കൊപ്പം വര്‍ണങ്ങളും മത്സരത്തിന്റെ ഭംഗി വര്‍ധിപ്പിച്ചു. പതാകപ്പുട്ട്, ഇടിച്ചക്കപ്പുട്ട്, ധാന്യങ്ങള്‍, പൂക്കള്‍, ഇലകള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൊണ്ടുള്ള പുട്ട്, റാഗിപ്പുട്ട്, കപ്പപ്പുട്ട്, അമൃതം പൊടിപ്പുട്ട് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും ഇനം പുട്ടുകളാണ് നല്‍കിയ ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ പാകം ചെയ്തത്. പത്തും പതിനൊന്നും തരം പുട്ടുകള്‍ ഉണ്ടാക്കിയ മത്സരാര്‍ത്ഥികളും കൂട്ടത്തില്‍ ഉണ്ട്. മേമ്പൊടിയായി പപ്പടവും പയറും കടലകറിയും ഒക്കെ ഒരുക്കിയിട്ടുണ്ട്. നെയ്‌റോസ്റ്റ്, മസാലദോശ തുടങ്ങി ദോശയിലും വെറൈറ്റികള്‍ ഉണ്ടായിരുന്നു.

കൊപ്ര പുട്ട് മുതല്‍ ചെമ്പരത്തി പുട്ട് വരെ 15ഓളം വെറൈറ്റികള്‍ ഉണ്ടാക്കി തൃശൂര്‍ കോര്‍പറേഷനിലെ ഷീല ശിവരാമന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ട്രൈകളര്‍ പുട്ട് ഉണ്ടാക്കിക്കൊണ്ട് ഇരിഞ്ഞാലക്കുട ബ്ലോക്കിന്റെ രാധിക മനോജ് രണ്ടാം സ്ഥാനവും ചിരട്ടപ്പുട്ട് ഉണ്ടാക്കിക്കൊണ്ട് അന്തിക്കാട് ബ്ലോക്കിന്റെ സുബൈദ കെ ഐ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജില്ലയിലെ 12 ബ്ലോക്കുകളില്‍ നിന്നുള്ള വനിതകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വീട്ടില്‍ തന്നെ സുലഭമായി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ടാണ് പുട്ടുകള്‍ ഉണ്ടാക്കിയത്. രുചിക്ക് ഒപ്പം പോഷകഗുണവും കൂടി ഉറപ്പ് വരുത്തിക്കൊണ്ടാണ് മിക്ക മത്സരാര്‍ഥികളും പാകം ചെയ്തത്.

കെടിഡിസി സീനിയര്‍ ഷെഫ് വി മനോജ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.അനു ജോസഫ് പേരേക്കാട്, ഫുഡ് ക്രാഫ്റ്റ് പ്രൊഡക്ഷന്‍ ഡെമോണ്‍സ്ട്രേഷന്‍ പി.ശ്യാം, ഐഫ്രം ഫാക്കല്‍റ്റി ദയാശീലന്‍ എന്നിവരടങ്ങുന്ന വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.