* ഉന്നത നിലവാരമുളള ശുചിമുറികൾ
* ലക്ഷ്യം 1842 ശുചിമുറികൾ

* പൂർത്തിയായത് 588 സമുച്ചയങ്ങൾ


കേരളത്തിന്റെ സമഗ്ര ശുചിത്വ വികസനം ലക്ഷ്യമിട്ട് ശുചിത്വമിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. പൊതു ശുചിമുറി സമുച്ചയ നിർമാണ പദ്ധതിയാണിത്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലും, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങി ജനങ്ങൾ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ നിലവിലുള്ള ശുചിമുറികൾ സജ്ജമാക്കുകയും ഉന്നത നിലവാരമുള്ള ശുചിമുറി സമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും നിർമിക്കുകയും ചെയ്യുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് രണ്ട് എണ്ണവും നഗരസഭകളിൽ അഞ്ചും കോർപ്പറേഷനിൽ എട്ടും വീതം ആകെ 1842 ശുചിമുറി സമുച്ചയങ്ങൾ പണിയാനാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ 1769 പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 1214 പദ്ധതികളുടെ കരാർ നടപടികൾ പൂർത്തിയായി. ഘട്ടം ഘട്ടമായി സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാക്കും.
മൂന്നു തരം ശുചിമുറിസമുച്ചയങ്ങളാണ് പദ്ധതിയിലുള്ളത്. ഒരു ദിവസം 150 പേർ ഉപയോഗിക്കാവുന്ന അടിസ്ഥാന തലം, 150ൽ കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് തലം, ആധുനിക സൗകര്യങ്ങളോടെയുളള പ്രീമിയം തലം എന്നിവയാണവ. കോഫി ഷോപ്പോടെയുളള ആധുനിക സൗകര്യങ്ങളുള്ള 165 ശുചിമുറികൾ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കുടുംബസമ്മേതം യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ പദ്ധതി. ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം സംസ്ഥാനത്ത് 100 എണ്ണം പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി നൽകിക്കഴിഞ്ഞു. 488 എണ്ണം നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 640 പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്.
സമ്പൂർണ ശുചിത്വം ഉറപ്പുവരുത്താൻ ശുചിമുറികളുടെ പരിപാലന ചുമതല തദ്ദേശസ്ഥാനങ്ങൾക്കാണ് നൽകിയിട്ടുള്ളത്. പേ ആന്റ് യൂസ് മാതൃകയിലാണ് പരിപാലനം. തദ്ദേശ സ്ഥാപനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരും നഗര പ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളുടെ സഹകരണവുമുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ശുചിത്വ മിഷൻ വിഹിതമായി 1,53,79,940 രൂപ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, തനത് ഫണ്ട് തുടങ്ങിയ ഫണ്ടുകൾ സംയോജിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബാക്കിയുള്ള ശുചിമുറി സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാക്കും.