പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് പഠനനേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ജീവിത നൈപുണികള്‍ ആര്‍ജ്ജിക്കുന്നതിനും സഹായിക്കുന്നതിനായി സമഗ്രശിക്ഷ കേരളം, ഹരിത കേരള മിഷന്‍, വിദ്യാകിരണം എന്നീ പദ്ധതികളുമായി സഹകരിച്ചാണ് ക്രാഫ്റ്റ് 22 പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച 5 പ്രവൃത്തി പരിചയ അധ്യാപകര്‍ മൂന്ന് സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ 6, 7, 8 ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് പദ്ധതിയില്‍ പങ്കെടുക്കാന്‍ അവസരം. മൂന്ന് ദിവസത്തെ ക്യാമ്പായി നടത്തപ്പെടുന്ന പരിപാടിയില്‍ പ്രധാനമായും അഞ്ച് മൂലകളാണ് സജ്ജീകരിക്കപ്പെടുക. കൃഷിയുമായി ബന്ധപ്പെട്ട മൂലക്ക് നിറയോലയെന്നും, ആഹാരത്തെക്കുറിച്ചുള്ളത് രൂചിക്കൂട്ട് എന്നും, വീട്ടുപകരണ നിര്‍മ്മാണം ഗാഡ്ജെറ്റ് എന്ന പേരിലും, കളിപ്പാട്ട നിര്‍മ്മാണം കളിച്ചെപ്പ് എന്ന പേരിലും, ക്രാഫ്റ്റിന് കരവിരുത് എന്ന പേരിലുമാണ് പ്രവര്‍ത്തന മൂലകള്‍ സജ്ജീകരിക്കുക. ഏലപ്പാറ പഞ്ചായത്ത് യു.പി സ്‌കൂള്‍, ഗവ.യു.പി സ്‌കൂള്‍ 1000 ഏക്കര്‍, ഗവ ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുരിക്കാട്ടുകുടി എന്നി വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കിയാണ് നടപ്പാക്കുന്നത്. പ്രാദേശിക വിദഗ്ദരെയും വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ളവരെയുമൊക്കെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ക്യാമ്പ് നടത്തുന്ന ഓരോ ബാച്ചിലും നിശ്ചിത എണ്ണം ഭിന്നശേഷിക്കാരായ കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയോഗിക്കും.

പഠിതാവിന്റെ സമ്പൂര്‍ണ്ണവും സമഗ്രവുമായ വികസനം, അവരുടെ ബൗദ്ധികവും, മാനസികവും ശാരീരികവും സാമൂഹ്യപരവുമായ പരിവര്‍ത്തനങ്ങള്‍ തൊഴിലിനോടും തൊഴില്‍ ചെയ്യുന്നവരോടും അനുകൂല മനോഭാവം സൃഷ്ടിക്കല്‍, ശലഭോദ്യാന നിര്‍മ്മാണം, ഹരിത വിദ്യാലയ സൃഷ്ടി എന്നിവയിലൂടെ പ്രകൃതി സംരക്ഷണ മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കല്‍, പ്രവൃത്തി പരിചയ വിദ്യാഭ്യാസവും മറ്റ് വിഷയങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയല്‍ എന്നിവയൊക്കെയാണ് ക്രാഫ്റ്റ് 22 ന്റെ പ്രധാന ലക്ഷ്യങ്ങള്‍.

വിവിധ വിഷയ മേഖലകളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍

1. കൃഷി – ഉറവിട മാലിന്യ സംസ്‌കരണം, തൂക്കുചട്ടികളിലെ കൃഷി, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, ശലഭോദ്യാനം
2. ഭക്ഷണം – ക്യാരറ്റ് ഹല്‍വ, അവല്‍ക്കൂട്ട്, ക്യാരറ്റ് റവ, ബീറ്റ് റൂട്ട് പുട്ട്
3. കളിപ്പാട്ടം – റോബോകള്‍, വയറിംഗ്, പാവ നിര്‍മ്മാണം
4. ഗൃഹോപകരണം – സോപ്പ്, കാര്‍ബണ്‍ ഗണ്‍
5. ക്രാഫ്റ്റ് – ലാബ് ഷേഡ്, പെന്‍സ്റ്റാന്‍ഡ്, ഫോട്ടോ ഫ്രെയിം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 226 991