സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം കരകൗശല നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. കാസര്‍കോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രാവിലെ 10.30 മുതല്‍ 1.30 വരെയാണ് മത്സരം സംഘടിപ്പിച്ചത്. മുള കൊണ്ട് പഴമ വിളിച്ചോതുന്ന നിര്‍മ്മിതിയിലൂടെ, കലാകാരന്‍ ടി വി സുനില്‍കുമാര്‍ ഒന്നാം സ്ഥാനം നേടി.കിണര്‍ നിര്‍മാണത്തിനിടെ അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നിട്ടും അതിജീവിതത്തിന്റെ പ്രതീകമാകുകയാണ് സുനില്‍കുമാര്‍. ചിരട്ടകളാല്‍ വസ്തുക്കള്‍ നിര്‍മിച്ച് സി പി നിവേദ് മുഖ്യമന്ത്രിയുടെ ചിത്രം സ്റ്റോണ്‍ ആര്‍ട്ട് ചെയ്ത് നിതിന്‍ മാത്യുവും രണ്ടാം സ്ഥാനം പങ്കിട്ടു. ചിരട്ട കൊണ്ട് കൂജയും തവിയും ഉണ്ടാക്കി എം കെ കുഞ്ഞികൃഷ്ണന്‍ മൂന്നാം സ്ഥാനത്തെത്തി. പാഴ്വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് കഥകളി കലാരൂപം തീര്‍ത്ത ആറാം ക്ലാസുകാരി പി വി ശിഖ കൃഷ്ണ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹയായി.ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കല അദ്ധ്യാപകന്‍ ജ്യോതി ചന്ദ്രന്‍ മത്സരം വിലയിരുത്തി.പൊതുജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുക, ജിലയിലെ കരകൗശല മേഖലയിലെ വികസനം എന്നിവയും ലക്ഷ്യമിട്ടാണ് മത്സരം നടന്നത്. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ചടങ്ങില്‍ പങ്കെടുത്തു.