എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കം ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ സ്ഥലം എ സി മൊയ്‌തീൻ എം എൽ എ സന്ദർശിച്ചു. പൊതുമരാമത്ത് ബില്‍ഡിംഗ്സ് വിഭാഗം ഉദ്യോഗസ്ഥരോടും കരാറുകാരോടുമൊപ്പമായിരുന്നു സന്ദർശനം.  പ്രവൃത്തി ആരംഭിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാല്‍, സിഎച്ച്സി സൂപ്രണ്ട്, അസി.എൻജിനീയര്‍ ആശ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

എരുമപ്പെട്ടി സിഎച്ച്സി കം ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗ് നിര്‍മ്മാണം ടെണ്ടര്‍ അംഗീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. നബാര്‍ഡ് ആര്‍ഐഡിഎഫ് ഫണ്ട് 720 ലക്ഷം രൂപ  അനുവദിച്ച് നിര്‍വ്വഹണം നടത്തുന്ന പദ്ധതിയില്‍ രണ്ട് നിലകളിലായുള്ള ഒ.പി ബ്ലോക്ക് (830 ച.മീ), മുകളിലേയ്ക്ക് പണിയാവുന്ന വിധത്തില്‍ ഒറ്റ നിലയിലുള്ള ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ് (200 ച.മീ), ഇന്‍പേഷ്യന്റ് ബ്ലോക്കില്‍ നിലവിലുള്ള ഗ്രൗണ്ട് ഫ്ലോറിനു പുറമേ രണ്ട് അധിക നിലകളും ലിഫ്റ്റ് സൗകര്യങ്ങളും (930 ച.മീ) ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗം മേല്‍നോട്ട ചുമതല വഹിക്കും. മെയ് ആദ്യവാരത്തില്‍ നിര്‍മ്മാണം ആരംഭിക്കും.