സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുശുചിമുറികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര നിർദ്ദേശം നൽകിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുശുചിമുറികൾ എത്രയും വേഗം വൃത്തിയാക്കുന്നതിന് ശുചിത്വമിഷൻ ഡയറക്ടർക്കും ബന്ധപ്പെട്ട മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി.

വൃത്തിഹീനമായ പൊതുശുചിമുറികളെ സംബന്ധിച്ച പരാതി അറിയിക്കാൻ നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് 25 പൊതുശുചിമുറികളെ കുറിച്ച് പരാതി ലഭിച്ചു.സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ശുചിമുറികളുടെ ശുചിത്വം സംബന്ധിച്ച വിഷയത്തിൽ അധികൃതർ കൂടുതൽ ജാഗ്രത കാണിക്കണം. കൃത്യമായ ശുചീകരണ പ്രവർത്തനം നടക്കുന്നുണ്ടെന്ന് പൊതുജനങ്ങളും ഉറപ്പുവരുത്തണം. ശുചിത്വ സുന്ദരമായ കേരളത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.