ജനസാഗരമാകുന്ന പൂരനഗരിയിൽ ഇനി വഴി തെറ്റില്ല. വഴികാട്ടിയായി പപ്പു സീബ്രയുണ്ട്. തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനാണ് പപ്പു നഗരവീഥിയിൽ എത്തിയിരിക്കുന്നത്. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ സുരക്ഷാ ബോധവൽക്കരണ പ്രചാരണവുമായി പപ്പു സീബ്ര തൃശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഉണ്ടാകും.

കേരളാ പൊലീസ് ആവിഷ്കരിച്ച  റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായാണ് പപ്പുവിന്റെ മനോഹരമായ ഫൈബർ പ്രതിമകൾ തിരക്കേറിയ ജംഗ്ഷനുകളിൽ വഴികാട്ടികളാകുന്നത്. ആദ്യഘട്ടമായി തൃശൂരിലെ പ്രധാന ജംഗ്ഷനുകളിൽ പ്രതിമകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. തൃശൂർ കോർപ്പറേഷൻ കാര്യാലയത്തിന് മുൻവശത്ത് ആദ്യ പ്രതിമ സ്ഥാപിച്ച് റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

പ്രചാരണത്തിന്റെ ഭാഗമായി 15 പ്രതിമകളെയാണ് കോർപ്പറേഷന് മുന്നിൽ അവതരിപ്പിച്ചത്. ഓർഗ്പീപ്പിൾ ഇന്ത്യാ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാംപയിൻ നടപ്പാക്കുന്നത്. ആർട്ടിസ്റ്റ് നന്ദൻപിള്ളയാണ് പപ്പുവിന്റെ സൃഷ്ടാവ്.

മേയർ എം കെ വർഗീസ്, നടൻ ജയരാജ്‌ വാര്യർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, അസി.കമ്മീഷണർ വി കെ രാജു, തൃശൂർ സിറ്റി അഡിഷ്ണൽ എഎസ്പി വി കെ അബ്ദുൾ ഖാദർ,  ഗ്രാഫിക് എസ്ഐ പി ബിനൻ എന്നിവർ പങ്കെടുത്തു.