എം വി ഗോവിന്ദന്‍ മാസ്റ്റര്‍:
നാടിന്റെ നിലനില്‍പ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പിറവികൊണ്ടിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിര്‍ത്താനും മറ്റും പലപ്പോഴും നാം കൈകള്‍ കോര്‍ത്തു. എന്നാല്‍, പൊതുശുചിത്വത്തിന്റേയും പരിസര ശുചിത്വത്തിന്റേയും കാര്യത്തില്‍ വേണ്ടത്ര അവബോധം ഇവിടില്ല. നാടിന് ഭീഷണിയായി മാറുന്ന മാലിന്യത്തെ പറ്റി ചര്‍ച്ച ചെയ്തുതുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്ന ശീലവും മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്ന സംസ്‌കാരവും ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. ഈയൊരു ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ തെളിനീരൊഴുകുന്ന നവകേരളത്തിന്റെ സൃഷ്ടിക്കായി സമൂഹത്തിലെ എല്ലാ സുമനസ്സുകളുടേയും സഹകരണം തേടുന്നത്.
ജലമാലിന്യ സംസ്‌കരണ മേഖലയില്‍ രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഒരധ്യായമാണ് കേരളം രചിക്കാന്‍ പോകുന്നത്. അതിനായി നീരൊഴുക്കുകളെ മലിനമാക്കുന്ന മാലിന്യ സ്രോതസ്സുകള്‍ കണ്ടെത്തുവാനായി  ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജലനടത്തം സംഘടിപ്പിക്കും.  സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അവരുടെ വാര്‍ഡുകളിലെ നീരൊഴുക്കുകള്‍ ജലനടത്തത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കും.  ഇന്നുമുതല്‍ ആറ് ദിവസം കൊണ്ട് ജലനടത്തം പൂര്‍ത്തിയാക്കും. ഇങ്ങനെ കണ്ടെത്തുന്ന മാലിന്യ പ്രശ്‌നങ്ങള്‍ വാര്‍ഡ് തലത്തില്‍ വിളിച്ചുചേര്‍ക്കുന്ന പ്രത്യേക ജനകീയ ജലസഭയില്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ കാണും. ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും ഇതിനൊപ്പം നടത്തും. തുടര്‍ന്ന് മെയ് രണ്ടാം വാരത്തില്‍ ജനകീയ ജലാശയ ശുചീകരണത്തിനായി ആ നാട് മുന്നോട്ടുവരും. തെളിനീരൊഴുകും നവകേരളം എന്ന മുദ്രാവാക്യവുമായി സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞം നടപ്പിലാക്കുന്നത്, സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായാണ്. തദ്ദേശ  സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക, സ്ഥാപന, പൊതുതലങ്ങളില്‍ കക്കൂസ് മാലിന്യ സംസ്‌കരണത്തിനും മലിനജല സംസ്‌കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ തീര്‍ച്ചയായും കേരളം സമ്പൂര്‍ണ്ണ ജലശുചിത്വ സംസ്ഥാനമായി മാറും.
സര്‍ക്കാര്‍ സംവിധാനങ്ങളോ, ഏതെങ്കിലും ഏജന്‍സികളോ മാത്രം വിചാരിച്ചാല്‍ ഒരിക്കലും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. ജനപങ്കാളിത്തത്തോടെയുള്ള വലിയൊരു പരിശ്രമം അതിന് ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ആ മാര്‍ഗമാണ് അവലംബിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ശാസ്ത്രീയ ദ്രവമാലിന്യ  പരിപാലനം ഒരുക്കിയും വാതില്‍പ്പടി പാഴ്‌വസ്തു ശേഖരണം സമ്പൂര്‍ണമാക്കിയും ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കാനുള്ള പരിശ്രമം ഇത്തരത്തിലുള്ളതാണ്.
പണ്ടും നമ്മുടെ വീടുകളില്‍ മാലിന്യങ്ങള്‍ ഉണ്ടാവുമായിരുന്നു. മിക്കവാറും പാചകത്തിന്റെ ശേഷിപ്പുകളാവും. കോഴികള്‍ക്കും പശുവിനുമുളള ഭക്ഷണമായും ബാക്കിയുള്ളവ കൃഷിത്തോട്ടത്തില്‍ വളമായി മാറുന്ന രീതിയുമായിരുന്നു അന്നുണ്ടായിരുന്നത്. ജനസംഖ്യയിലുണ്ടായ വര്‍ധനവും നഗരവല്‍ക്കരണവും ഫ്‌ളാറ്റുകളുടെ വ്യാപനവുമൊക്കെ വന്നപ്പോള്‍ പുതിയ കാലത്തിനൊത്ത രീതിയില്‍ മാലിന്യപരിപാലനത്തിന്റെ ആരോഗ്യകരമായ സംസ്‌കാരമൊന്നും ആരും സ്വാംശീകരിച്ചില്ല. ഇന്നത്തെ മാലിന്യങ്ങളില്‍ വലിയൊരു പങ്ക് അജൈവ പാഴ്‌വസ്തുക്കളാണ്. അവ ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് വലിച്ചെറിയുന്ന അപസംസ്‌കാരമാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്. തെരുവുകളുടെ കോണുകളിലും ഒഴിഞ്ഞ പറമ്പുകളിലും ഇത്തരം പ്ലാസ്റ്റിക് കൂനകള്‍ കാണാനാവും. ഇതുമൂലമുണ്ടാകുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ന് നാലിലൊന്ന് രോഗങ്ങള്‍ക്ക് കാരണവും അശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ്.
ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷന്‍, മാലിന്യ സംസ്‌കരണത്തില്‍ ഒരു സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്. റെഡ്യൂസ്, റീയൂസ് ആന്റ് റീസൈക്കിള്‍ എന്നീ മൂന്ന് തത്വങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കളുടേയും പുനരുപയോഗ സാധ്യമായവയുടേയും ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കള്‍ നിരുത്സാഹപ്പെടുത്തുക തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യഘട്ടം. ഇത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. അറിവില്ലായ്മയും അജ്ഞതയും മൂലം നമ്മള്‍ പാഴാക്കുന്നത് പരിമിതങ്ങളായ പ്രകൃതി വിഭവങ്ങള്‍ കൂടിയാണ്. അളവില്ലാതെ മാലിന്യങ്ങള്‍ സൃഷ്ടിച്ച്, അത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുളള മാര്‍ഗ്ഗം തേടുന്നതിനേക്കാള്‍ നല്ലത്, മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതാണ്. ഉത്തരവാദിത്തമുളള ഒരു സമൂഹം പിന്തുടരേണ്ട രീതി അതാണ്.
പലവിധ സാങ്കേതിക വിദ്യകളാല്‍ രൂപപ്പെടുത്തുന്ന വസ്തുക്കള്‍ മാലിന്യങ്ങളില്‍ കാണാനാവും. ഇവ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് അപ്രത്യക്ഷമാക്കുന്നതല്ല മാലിന്യ സംസ്‌കരണം. ജൈവ മാലിന്യങ്ങളെ തരംതിരിച്ച് കമ്പോസ്റ്റിംഗിലൂടെയും അജൈവ മാലിന്യങ്ങളെ തരംതിരിച്ച്   പുന:ചംക്രമണം ചെയ്യുന്നതിലൂടെയും മാലിന്യ സംസ്‌കരണം നടത്തുന്നതാണ് മികച്ച പ്രകൃതി സൗഹ്യദ രീതി. തദ്ദേശസ്ഥാപനങ്ങള്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറയും. നിലവില്‍ മാലിന്യങ്ങളായി വലിച്ചെറിയുന്ന പല വസ്തുക്കളും റീസൈക്‌ളിംഗിനായി തിരിച്ചെടുക്കുന്നതും ഇതിന് ഗുണം ചെയ്യും. വിഭവങ്ങളുടെ അനാവശ്യ ഉപഭോഗം തടയുന്നതിന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളും സ്ഥിരം കൈമാറ്റക്കടകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും സൗജന്യമായും മിതമായ നിരക്കിലും ആളുകള്‍ക്ക് ഉപയോഗ യോഗ്യമായ ഇലക്ട്രിക്,  ഇലക്‌ട്രോണിക് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ മുതലായവ ലഭിക്കുന്നുണ്ട്. വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങളും അധികമുള്ള ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും മറ്റും ഇത്തരം ഷോപ്പുകളിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് കൈമാറാനുള്ള സാധ്യത ഒരുക്കുകയും ചെയ്യുന്ന രീതി വളര്‍ന്നുവരുന്നുണ്ട്.
വലിച്ചെറിയുന്ന രീതി ഒഴിവാക്കി, ഉറവിടങ്ങളില്‍ നിന്നും പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിന് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ 1021 തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം ആരംഭിച്ചിച്ചു കഴിഞ്ഞു. നൂറ് ശതമാനം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പാഴ്‌വസ്തു ശേഖരണം ഉറപ്പാക്കുന്ന നടപടികളുമായാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. ‘വലിച്ചെറിയല്‍മുക്ത കേരളം’ ജനകീയ ക്യാമ്പയിന് തുടക്കം കുറിക്കുന്നതോടെ മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ച് സിസിടിവി സ്ഥാപിക്കുകയും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ക്യാമ്പയിന്റ തുടര്‍ച്ചയായി പൊതുയിടങ്ങളെയും ജലാശയങ്ങളെയും വലിച്ചെറിയല്‍ മുക്തമാക്കുന്നതിനായി ലിറ്റര്‍ ഫ്രീ ക്യാമ്പയിനും  ആരംഭിക്കും.
വീടുകളിലെത്തി പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം ലഭ്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് കാര്‍ബ്ബണ്‍ ന്യൂട്രല്‍ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കൂടിയാണ്. ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറവിടത്തില്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന വീടുകളും ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളം ശേഖരിച്ച് ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ ഇറക്കുന്നതിനുള്ള നടപടികള്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. വാതില്‍പ്പടി ശേഖരണത്തിലൂടെ വീണ്ടെടുക്കുന്നവ ശാസ്ത്രീയമായി പുനഃചംക്രമണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് പരിമിതമാണ്. പലപ്പോഴും ഇത്തരം മാലിന്യ സംസ്‌കരണത്തിന് സാങ്കേതികമായ സൗകര്യങ്ങള്‍ പ്രാദേശികമായി ലഭ്യമാകാറില്ല. അന്യസംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ ആശ്രയിക്കേണ്ടി വരുമ്പോള്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവുകയും ചെലവില്‍ വര്‍ധനവുണ്ടാവുകയും ചെയ്യും. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് തന്നെ പുനഃചംക്രമണ സംവിധാനങ്ങള്‍ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. കോഴി- അറവുമാലിന്യം  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന് ഒരു മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 11 ജില്ലകളില്‍ 33 റെന്‍ഡറിങ് പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ജില്ലകളിലും ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ച്, കോഴി-അറവുമാലിന്യ മുക്ത സംസ്ഥാനമാക്കി കേരളത്തെ  മാറ്റാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെമോളിഷന്‍ വേസ്റ്റ് റിക്കവറി സെന്ററുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സാനിറ്ററി മാലിന്യങ്ങള്‍ക്കും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ക്കുമുള്ള പരിപാലന സൗകര്യം തയ്യാറായി കഴിഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി സയന്റിഫിക് ലാന്‍ഡ്ഫില്‍ കേന്ദ്രങ്ങളും ബയോ മെഡിക്കല്‍ വേസ്റ്റ് പരിപാലന സംവിധാനങ്ങളും കൂടുതലായി സജ്ജമാക്കുവാനും ആസൂത്രണം ചെയ്യുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ ദൈനംദിനം നിരീക്ഷക്കുന്നതിനും ഇത്  സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനും തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സ്മാര്‍ട്ട് ഗാര്‍ബേജ്  ആപ്പ്.  മെയ് 15 മുതല്‍ 365 തദ്ദേശസ്ഥാപനങ്ങളില്‍  ഈ ആപ്ലിക്കേഷന്‍ നടപ്പിലാക്കുകയാണ്. വൈകാതെ അത് സംസ്ഥാനമാകെ വ്യാപിപ്പിക്കും. കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഒറ്റ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധങ്ങളായ പരിപാടികളും നടപടിക്രമങ്ങളും മാലിന്യ സംസ്‌കരണത്തിനായി നടപ്പിലാക്കുമ്പോള്‍ അവയ്ക്ക് പൂര്‍ണത ലഭിക്കണമെങ്കില്‍ ജനപങ്കാളിത്തം അനിവാര്യമാണ്. ശുചിത്വമിഷന്‍ മുന്നോട്ടുവയ്ക്കുന്ന ‘എന്റെ മാലിന്യം എന്റെ  ഉത്തരവാദിത്വം’ എന്ന ആശയം പ്രസക്തമാവുന്നത് ഇവിടെയാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ അവരവര്‍ കമ്പോസ്റ്റാക്കാന്‍ തയ്യാറാവണം. സ്വന്തം ഉത്തരവാദിത്വത്തില്‍ കമ്പോസ്റ്റിംഗ് ആരംഭിച്ചാല്‍ വഴിയരികിലും പൊതുഇടങ്ങളിലും മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന അപരിഷ്‌കൃതവും അപമാനകരവുമായ രീതി ഇല്ലാതാക്കാന്‍ കഴിയും. ഉത്സവങ്ങള്‍ക്കും മറ്റ് പൊതുചടങ്ങുകള്‍ക്കും മാത്രമല്ല, ദൈനംദിന ജീവിതത്തിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് പ്രകൃതി സൗഹൃദവും മാലിന്യരഹിതവുമായ ജീവിത സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് വരും തലമുറയോടുള്ള കരുതല്‍ പങ്കുവയ്ക്കാം. ലോകത്ത് നാം കാണാന്‍ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ തുടക്കം നമ്മളില്‍ നിന്ന് തന്നെ ആരംഭിക്കട്ടെ.