കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന, വിപണന മേളയില്‍ മികച്ച വില്‍പ്പന നടത്തി കുടുംബശ്രീ യൂണിറ്റുകള്‍. വ്യത്യസ്തങ്ങളായ മൂല്യവര്‍ദ്ധിത ഭക്ഷ്യ ഉല്‍പ്പന്നങ്ങളടക്കമുള്ളവയുടെ അഞ്ച് ദിവസത്തെ വിപണത്തിലൂടെ 23 സ്റ്റോളുകൾക്ക് 4.85 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി കുടുംബശ്രീ ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകർ അറിയിച്ചു.

ചക്ക വിഭങ്ങള്‍ക്കായി സജ്ജമാക്കിയ ചക്കയും ചകിണിയും സ്റ്റോളിലാണ് മികച്ച വില്‍പ്പന . ചക്ക, ചക്കപ്പൊടി, ചക്കക്കുരു, ചക്ക ഉണക്കിയത്, ചക്കപ്പഴം ഉണ്ണിയപ്പം, ഫ്രഷ് ചക്ക ചിപ്‌സ്, ഇടിച്ചക്ക അച്ചാര്‍, ചകിണിയും കുരുവും മാറ്റി പ്ലാസ്റ്റിക് കവറുകളിലാക്കി ചക്കച്ചൊള എന്നിവ ചൂടപ്പം പോലെ വിറ്റുപോകുന്നു. . 30 കിലോയ്ക്കു മുകളില്‍ തൂക്കമുള്ള ചക്ക കഴിഞ്ഞദിവസം 500 രൂപയ്ക്കാണ് വിറ്റുപോയത്. നെടുങ്കുന്നം സമൃദ്ധി, കറുകച്ചാല്‍ ശ്രീഫുഡ്, പൂഞ്ഞാര്‍ ഐശ്വര്യ എന്നീ കുടുബശ്രീകളാണ് ചക്ക വിഭവങ്ങളെത്തിച്ചത്.

നാട്ടുചന്ത ജൈവ പച്ചക്കറി സ്റ്റോളിലെ വില്‍പ്പനയും ഉഷാറാണ്. 14654 രൂപയുടെ ജൈവപച്ചക്കറികള്‍ ഇതിനകം വില്‍ക്കാനായി. നാടന്‍ തൈര്, അച്ചിങ്ങ പയര്‍, ചേന, വാഴച്ചുണ്ട് കോവയ്ക്കയടക്കം ദിവസേന എത്തിക്കുന്ന പച്ചക്കറികള്‍ അന്നന്നു തന്നെ വിറ്റഴിയുന്നുണ്ട്. വൈക്കം സമൃദ്ധി യൂണിറ്റിന്റെ ജൈവവളത്തിനും ആവശ്യക്കാരേറെയാണ്. ഉണങ്ങിയ ചാണകം, കോഴിവളം, ആട്ടിന്‍ കാഷ്ഠം, കടലപ്പിണ്ണാക്ക് എന്നിവ ഡങ് ക്രഷറില്‍ പൊടിച്ചെടുത്തത് വിറ്റ് 11000 രൂപ വരെ നേടാനായി. ഡങ് ക്രഷറും പ്രദര്‍ശനത്തിനും വിപണനത്തിനുമായി സ്റ്റാളിലുണ്ട്.

കരകൗശല ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, പായ്ക്കറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, നാടന്‍ തേന്‍, പുല്‍തൈലം, നാട്ടുമരുന്നുകള്‍, വിവിധയിനം സോപ്പ്, ലോഷനുകള്‍, ബാഗുകള്‍, തുണിത്തരങ്ങള്‍, പൊടിമീന്‍, ചെമ്മീന്‍, ഉണക്കമീന്‍, ചെടികള്‍, തൈകള്‍, പേള്‍, സാന്‍ഡ് സ്റ്റോണ്‍, ക്രിസ്റ്റല്‍ സ്റ്റോണ്‍ ഗ്ലാസ് സ്റ്റോണ്‍ തുടങ്ങിയ മുത്തുകള്‍ കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും വിപണി കീഴടക്കി മേളയിൽ മുന്നേറുകയാണ്.