തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ക്കനുസരിച്ച് ഉയരുന്നതുമായ ഒരു റവന്യൂ സംവിധാനം കേരളത്തിന് അനിവാര്യമാണ്. അതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുധാര്യമായി മുന്നോട്ട് പോകാന്‍ അടിമുടി സ്മാര്‍ട്ടാകേണ്ടതുണ്ട്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ ആധുനിക സൗകര്യങ്ങളോടെ അടിമുടി രൂപമാറ്റം വരുത്തി ‘സ്മാര്‍ട്ട് ‘ ആക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥ കേന്ദ്രീകൃത സ്വഭാവത്തിലായിരുന്ന വില്ലേജ് ഓഫീസുകളിലെല്ലാം രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ ശക്തമായ ജനാധിപത്യ വല്‍ക്കരണം നടപ്പിലക്കി വരികയാണ്. അതിന്റെ ഭാഗമായി ഓഫീസുകളെല്ലാം ജനസേവന കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി ജില്ലയെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ ഭൂമി പ്രശ്‌നങ്ങള്‍ നേരിടുന്ന ജില്ലാ എന്ന നിലയില്‍ നിയമ നിര്‍മ്മാണം ഉള്‍പ്പടെയുളള കാര്യങ്ങള്‍ പരിഗണിച്ച് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൂപ്പാറ വില്ലേജ് ഓഫിസ് അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എം.എം മണി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് , എഡിഎം ഷൈജു പി ജേക്കബ് മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു.