ഗവ. എന്‍ജിനീയറിങ് കോളേജിന്റെ മൈതാനത്ത് റണ്‍മഴ പെയ്യിച്ച് ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ തുടക്കം. റവന്യൂ ജീവനക്കാരുടെ തീപാറുന്ന മത്സരക്കാഴ്ചകള്‍ കാണികള്‍ക്ക് ഹരം പകര്‍ന്നപ്പോള്‍ ഗാലറി കൈയ്യടികളാല്‍ നിറഞ്ഞു. 9 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ തൃശൂര്‍ കലക്ട്രേറ്റ് ടീം വിജയിച്ചു. 10 വിക്കറ്റുകൾക്ക് ചാവക്കാട് താലൂക്കിനെ തോല്‍പ്പിച്ചാണ് തൃശൂര്‍ കലക്ട്രേറ്റ് ടീം മത്സരത്തില്‍ വിജയിച്ചത്.
ചാലക്കുടി താലൂക്ക് രണ്ടാം സ്ഥാനവും ലൂസേഴ്‌സ് ഫൈനലിൽ തൃശൂര്‍ താലൂക്ക് മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ ഓരോ ടീമിലും രണ്ട് വനിതകൾ പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിൽ ഒരാൾ ബാറ്റ് ചെയ്യണമെന്നും ഉണ്ടായിരുന്നു. ബോൾ ചെയ്‌ത തൃശൂർ താലൂക്കിലെ വനിതാ ടീം അംഗതിന് വിക്കറ്റ് ലഭിച്ചു. ആറ് ഓവറുകളിലായിരുന്നു മത്സരം.

നാല് ദിവസങ്ങളിലായാണ് ജില്ലാ റവന്യൂ കായിക മത്സരങ്ങള്‍ നടക്കുന്നത്. മെയ് അഞ്ചിന് ഷട്ടില്‍ ബാഡ്മിന്റണ്‍ വി കെ എൻ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും മെയ് ആറിന് അത്‌ലെറ്റിക്‌സ് ഗവ. എന്‍ജിനീയറിങ് കോളേജിലും നടക്കും. അവസാന ദിവസമായ മെയ് ഏഴിന് ഫുട്‌ബോള്‍ മത്സരം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക. ജില്ലാതല കായിക മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും സ്ഥാനം നേടുന്നവര്‍ക്കാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ കഴിയുക.