കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ സഹായത്തിനായി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് തിരഞ്ഞെടുത്ത 33 പേർക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്.

വരും കാലങ്ങളിൽ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും പുതിയ തൊഴിൽ മേഖലകളിലേയ്ക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ കൊണ്ട് വന്ന് ക്ഷേമനിധി പ്രവർത്തനങ്ങൾ വെച്ചപ്പെടുത്തണമെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. ഇതിനായി സമൂഹമാകെ ഒപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം എം കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി എ ഷാജു, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി ബി വിനോദ്, സിവിൽ സ്റ്റേഷൻ വാർഡ് ഡിവിഷൻ കൗൺസിലർ സുനിത വിനു, കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സംഘടന ഭാരവാഹികൾ, ലോട്ടറി ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.