ലോക ടൂറിസം ഭൂപടത്തിലേക്ക് തൃശൂര്‍പൂരം കടന്നുവരുന്നതായി മന്ത്രി
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം അതിന്റെ പ്രൗഢിയിലേക്ക് തിരിച്ചുവരികയാണെന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന നിരവധി ഘടകങ്ങളുള്ള പൂരം ലോക ടൂറിസം ഭൂപടത്തിലേക്ക് കടന്നുവരുന്നതായും റവന്യൂമന്ത്രി കെ രാജന്. വലിയ ജനസഞ്ചയത്തെയാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്റ ഏറ്റവും ഉത്തമ ഉദാഹരണം കൂടിയാണ് തൃശൂര്‍ പൂരമെന്നും മന്ത്രി പറഞ്ഞു. പൂരത്തിന് മുന്നോടിയായി എട്ട് ഘടക ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി കെ രാജന്. മന്ത്രിക്കൊപ്പം എംഎല്‍എമാരായ പി ബാലചന്ദ്രന്, സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരും ക്ഷേത്രസന്ദര്‍ശനത്തില്‍ പങ്കെടുത്തു.
സര്‍ക്കാരും ജില്ലാ ഭരണകൂടവും ദേവസ്വങ്ങളുമായി സഹകരിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിവരികയാണ്. ഏറെ ആവേശത്തോടെയുള്ള ഒരുക്കങ്ങളാണ് പൂരത്തിനായി നടത്തിവരുന്നത്. ആളുകള്‍ കൂടുതലായി വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആര്‍ക്കും പ്രയാസമില്ലാതെ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ജാഗ്രതയോടെയാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. മോക്ക് ഡ്രില്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.
കുറ്റൂര്‍ നെയ്തലക്കാവ്, മുതുവറ ചൂരക്കോട്ട്കാവ്, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും സന്ദശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയത്. എല്ലായിടത്തും ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.