2021-2022ലെ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനം നേടി ഗുരുവായൂര്‍ നഗരസഭ. പദ്ധതി നിര്‍വ്വഹണത്തില്‍ 113.28 ശതമാനം പൂർത്തീകരിച്ചാണ് നഗരസഭ നേട്ടം കൊയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് നഗരസഭയെ ജില്ലാ ആസുത്രണ സമിതി അനുമോദിച്ചു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഗുരുവായൂർ നഗരസഭ പദ്ധതി നിര്‍വ്വഹണം 100 ശതമാനം പൂര്‍ത്തീകരിക്കുന്നത്.

വാർഷിക പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശഭരണ സ്ഥാപനങ്ങളെയും വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച വ്യക്തിത്വങ്ങളെയും യോഗത്തിൽ അനുമോദിച്ചു. പദ്ധതി നിര്‍വ്വഹണത്തില്‍ രണ്ടാമത്തെത്തിയ കൊടുങ്ങല്ലൂർ മൂന്നാമത്തെത്തിയ ചാലക്കുടി എന്നീ നഗരസഭകളെയും യോഗത്തിൽ ആദരിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത് തലത്തിൽ ചൊവ്വന്നൂർ, മുല്ലശ്ശേരി, വടക്കാഞ്ചേരി എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

പഞ്ചായത്ത് തലത്തിൽ ഒന്നാമതെത്തിയ പൊയ്യ, രണ്ടാം സ്ഥാനം നേടിയ പോർക്കുളം മൂന്നാമതായ അവണ്ണൂർ എന്നീ ഗ്രാമ പഞ്ചായത്തുകളും പുരസ്കാരം ഏറ്റുവാങ്ങി. 2020 – 21 സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ എളവള്ളി ഗ്രാമപഞ്ചായത്ത്‌, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ അളഗപ്പനഗർ പഞ്ചായത്ത്‌, ജില്ലാതലത്തിൽ മഹാത്മാ പുരസ്‌കാരം സ്വന്തമാക്കിയ കൊണ്ടാഴി, ദീനദയാൽ ഉപാധ്യായ പുരസ്‌കാരം നേടിയ അളഗപ്പനഗർ എന്നിവർക്കും പുരസ്‌കാരം നൽകി.

എൻ എച്ച് എം ആർദ്ര കേരളം അവാർഡ് സംസ്ഥാന തലത്തിൽ
ബ്ലോക്ക്‌പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം നേടിയ മുല്ലശ്ശേരി ബ്ലോക്ക്‌, സംസ്ഥാന തലത്തിൽ കോർപ്പറേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തൃശൂർ കോർപ്പറേഷൻ എന്നിവരും ആദരവ് നേടി. വാർഷിക പദ്ധതി വിനിയോഗം 100 ശതമാനത്തിന് മുകളിലായ 30 പഞ്ചായത്തുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.

ജില്ലാ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ അവതരണവും യോഗത്തിൽ നടന്നു. വിവിധ വിഷയ മേഖല ഉപസമിതി കൺവീനർമാർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചയും നടന്നു. വനമിത്ര പുരസ്‌കാരം നേടിയ വി കെ ശ്രീധരൻ, ദുരന്തനിവാരണം മികച്ച കോർഡിനേറ്റർ നൗഷാബ നാസ്, മികച്ച സംരംഭക പുരസ്‌കാരം സ്വന്തമാക്കിയ പി വി ഷൈജു , ജില്ലാ പദ്ധതി മികച്ച നിർദ്ദേശം നൽകിയ ഷഫ്‌ന സി എ എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.