🔸എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറില്‍ 170 പ്രദര്‍ശന സ്റ്റാളുകള്‍

🔸ടൂറിസം, പി.ആര്‍.ഡി,ഐ.ടി മിഷന്‍, കിഫ്ബി എന്നിവയുടെ പ്രത്യേക പവലിയനുകള്‍

🔸ഔട്ട് ഡോര്‍ ഡിസ്പ്ലേയുമായി കൃഷി, മൃഗസംരക്ഷണ വകുപ്പുകളും കെ.എസ്.ഇ.ബിയും

🔸സെമിനാറുകളും കലാപരിപാടികളും

ആലപ്പുഴ: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആലപ്പുഴ ജില്ലാതല ആഘോഷം മെയ് 10 മുതല്‍ 16 വരെ ആലപ്പുഴ ബീച്ചില്‍ നടക്കും. ആഘോഷ പരിപാടികളുടെയും എന്റെ കേരളം പ്രദര്‍ശന- വിപണന മേളയുടെയും ഉദ്ഘാടനം മെയ് 10ന് വൈകുന്നേരം നാലിന് ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ചെയര്‍ പേഴ്‌സണായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫിഷറീസ്- സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.പിമാരായ എ.എം. ആരിഫും കൊടിക്കുന്നില്‍ സുരേഷും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, ദലീമ ജോജോ, യു. പ്രതിഭ, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റീഗോ രാജു, പ്രഭ ശശികുമാര്‍, എല്‍ജിന്‍ റിച്ചാര്‍ഡ്, ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ്് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സജ്ജീകരിച്ച റീഹാബ് എക്‌സ്പ്രസിന്റെ സേവനങ്ങള്‍ ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പികളും സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിര്‍ണയ ക്യാമ്പും റീഹാബ് എക്‌സ്പ്രസില്‍ നടക്കും.

കഴിഞ്ഞ ഒരു വര്‍ഷക്കാലം വിവിധ വകുപ്പുകളും ഏജന്‍സികളും മുഖേന വികസന-ക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ആവിഷ്‌കാരം, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്ന പ്രദര്‍ശനവും വില്‍പ്പനയും, വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍, സെമിനാറുകള്‍, പ്രശസ്ത കലാകാരന്മാരുടെ കലാവിരുന്നുകള്‍ തുടങ്ങിയവയാണ് ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം സ്റ്റാളുകള്‍, തത്സമയ സേവനം നല്‍കുന്ന സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള വില്‍പ്പന സ്റ്റാളുകള്‍, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ്‌കോര്‍ട്ട്, സമ്മേളനങ്ങള്‍ക്കും സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള വേദി എന്നിങ്ങനെയാണ് പ്രദര്‍ശന മേഖല വേര്‍തിരിച്ചിരിക്കുന്നത്.

ടൂറിസം വകുപ്പിന്റെ കേരളത്തെ അറിയാം, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം പവലിയന്‍, കിഫ്ബിയുടെ പ്രത്യേക പ്രദര്‍ശന മേഖല, ഐ.ടി. മിഷന്റെ ടെക്‌നോ ഡെമോ ഏരിയ എന്നിവയ്ക്കു പുറമെ 180 സ്റ്റാളുകളാണ് എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെയും കെ.എസ്.ഇ.ബിയുടെയും ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേയുമുണ്ട്.

പത്താം തീയതി ഒഴികെ എല്ലാ ദിവസങ്ങളിലും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും നേതൃത്വത്തില്‍ സെമിനാറുകള്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ശ്രദ്ധേയരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും.

തീം വിഭാഗത്തിലും വില്‍പ്പന വിഭാഗത്തിലും മികച്ച മൂന്നു സ്റ്റാളുകള്‍ക്ക് 16ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനം നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മേളയിൽ
പ്രവേശനം സൗജന്യമാണ്.

പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായ പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതലയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.