കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഒഴികെ എന്നും സെമിനാറുകളുണ്ട്.

പതിനാലാം പഞ്ചവത്സര പദ്ധതിയും ഉത്പാദന മേഖലയും എന്ന വിഷയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറോടെ നാളെ (മെയ് 11)യാണ് തുടക്കം. രാവിലെ 10ന് നടക്കുന്ന ഈ സെമിനാറില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു. പി. അലക്‌സ് വിഷയം അവതരിപ്പിക്കും. ചേര്‍ത്തല കൃഷി ഓഫീസര്‍ ബി. അദ്രിക മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നടക്കും. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി മെഡിസിന്‍ വിഭാഗത്തിലെ ഡോ. കെ. വേണുഗോപാല്‍ വിഷയം അവതരിപ്പിക്കും. ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ മോഡറേറ്ററാകും.

12ന് രാവിലെ കാര്‍ഷിക മേഖലയും ഉത്പന്ന വൈവിധ്യവത്കരണവും എന്ന വിഷയത്തിലാണ് സെമിനാര്‍. സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ജിസി വിഷയം അവതരിപ്പിക്കും. തൃക്കുന്നപ്പുഴ കൃഷി ഓഫീസര്‍ ദേവിക മോഡറേറ്ററായിരിക്കും. കൃഷിവകുപ്പാണ് സംഘാടകര്‍.

12ന് ഉച്ചകഴിഞ്ഞ് ഭിന്നശേഷി സൗഹൃദ ആലപ്പുഴ; വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പ് ഒരുക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷയാകും. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ വിഷയം അവതരിപ്പിക്കും. ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജുവും സബ് കളക്ടര്‍ സൂരജ് ഷാജിയും പങ്കെടുക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീനാണ് മോഡറേറ്റര്‍.

13ന് രാവിലെ പത്തിന് കോവിഡ് അതിജീവന കാലത്തെ വിദ്യാഭ്യാസം എന്ന വിഷയത്തിലാണ് സെമിനാര്‍. എസ്.എസ്.കെ മുന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേല്‍ മോഡറേറ്ററാകും. വിദ്യാഭ്യാസ വകുപ്പാണ് സംഘാടകര്‍.

ഉച്ചകഴിഞ്ഞ് രണ്ടിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ട്; അനുഭവങ്ങളും പാഠങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ. വി.പി.പി. മുസ്തഫ വിഷയം അവതരിപ്പിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ മോഡറേറ്ററാകും.

14ന് രാവിലെ പത്തിന് ലൈംഗിക പീഡനം തടയല്‍ നിയമത്തെക്കുറിച്ച് വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറില്‍ അഡ്വ. എ.കെ. രാജശ്രീ വിഷയം അവതരിപ്പിക്കും. അഡ്വ. പ്രദീപ് മോഡറേറ്ററായിരിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് നവകേരള സൃഷ്ടിയും തൊഴിലുറപ്പ് പദ്ധതിയും എന്ന വിഷയത്തിലാണ് സെമിനാര്‍. പഞ്ചായത്ത് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.പി. സംഗീത വിഷയം അവതരിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി സ്റ്റേറ്റ് മിഷന്‍ ഡെപ്യൂട്ടി ഡവലപ്പമെന്റ് കമ്മീഷണര്‍ ആര്‍.

രവിരാജാണ് മോഡറേറ്റര്‍. 15ന് ആയുഷ് ഹോമിയോപ്പതി വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറില്‍ ഡോ. വി. സജീവ്, ഡോ. എസ്. സിനി, ഡോ. സബിത വിജയന്‍, ഡോ. ലിഞ്ജു കെ. കുര്യന്‍, ഡോ. എസ്. ശ്യാം മോഹന്‍ എന്നിവര്‍ സംസാരിക്കും. സമാപനദിവസമായ മെയ് 16ന് രാവിലെ 10ന് സൈബര്‍ യുഗത്തിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് പോലീസിന്റെ സെമിനാറുണ്ട്. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ജയകുമാര്‍ മോഡറേറ്ററാകും.