രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്ര ജനസാഗരമായി. ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മേളനഗരിയായ വാഴത്തോപ്പ് ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനിയിലേക്ക് ചെണ്ടമേളത്തോടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ അരങ്ങേറിയ ഘോഷയാത്ര പൊതുജന പങ്കാളിത്തത്തില്‍ മികച്ചുനിന്നു.

ജില്ലാ, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമായി 74 ഓളം ഗ്രൂപ്പുകളായി ഘോഷയാത്ര മനോഹരമാക്കി. ഘോഷയാത്രയില്‍ ഉടനീളം സ്ത്രീ പ്രതിനിധ്യം ഏറിനിന്നു. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളായ മയിലാട്ടം കരകാട്ടം, ഭഗവതി രൂപം, പൊയ്ക്കാല്‍ മയില്‍, ആയോധന കലാരൂപമായ കളരിപ്പയറ്റ്, പരമ്പരാഗത കലാരൂപമായ ആദിവാസി നൃത്തം, വിവിധങ്ങളായ പ്ലോട്ടുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെ ബാന്‍ഡ് മേളം എന്നിവയെല്ലാം ഘോഷയാത്രയുടെ മാറ്റു കൂട്ടി.

രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ അണിനിരന്ന ഘോഷയാത്രയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ വകുപ്പുകളെയും പഞ്ചായത്തുകളെയും അനുമോദിച്ചു. കാമാക്ഷി ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനവും, കുമളി ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്, വാത്തികുടി ഗ്രാപഞ്ചായത്ത്, കെഎസ്ഇബി എന്നിവര്‍ക്ക് എ ഗ്രേഡും ലഭിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം.എം മണി എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, മുന്‍ എം പി ജോയ്‌സ് ജോര്‍ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, സ്വാഗത സംഘം ചെയര്‍മാന്‍ സി വി വര്‍ഗ്ഗീസ്, സ്വഗതസംഘം ജനറല്‍ ജനറല്‍ കണ്‍വീനര്‍, കെ കെ ശിവരാമന്‍, എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കി.