ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ് ജെന്ററുകളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുവാന്‍ നിയമസഭാ സമിതി മൂന്നാറില്‍ സിറ്റംങ്ങ് നടത്തി. അധ്യക്ഷ യു. പ്രതിഭയുടെ നേത്യത്വത്തിലായിരുന്നു സിറ്റിംങ്ങ്. ആറു പരാതികള്‍ ലഭിച്ചതില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി. 2015 മുതല്‍ സമിതിക്ക് ലഭിച്ച പരാതികളില്‍ ജനറല്‍ സ്വഭാവമുള്ള ആറ് പരാതികളാണ് നിയമസഭാ സമിതി പരിഗണിച്ചത്. ഇതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മറ്റുള്ള നാല് പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്ന് നിയമസഭാ സമിതി അധ്യക്ഷ പറഞ്ഞു. മൂന്നാറില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്‌നങ്ങളും കുടിവെള്ളവുമായി ബന്ധപ്പെട്ട വിയങ്ങളാണ് സമിതിയില്‍ കൂടുതലായി എത്തിയത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. വൈകിവരുന്ന നീതി നീതിയല്ലെന്ന കാഴ്ചപ്പാടാണ് സമിതിക്കുള്ളതെന്ന് നിരീക്ഷിച്ചു. പരാതികള്‍ അപ്പോള്‍തന്നെ പരിഹരിക്കാന്‍ കഴിയണമെന്ന് അധ്യക്ഷ യു പ്രതിഭ പറഞ്ഞു. സമിതി അംഗങ്ങളായ സജീവ് ജോസഫ്, ഒ.എസ് അംബിക, ശാന്തകുമാരി കെ, സി.കെ ആശ, കാനത്തില്‍ ജമീല എന്നിവരും അഡീഷനല്‍ സെക്രട്ടറി അബ്ദുള്‍ നാസറും സിറ്റിംങ്ങ് പങ്കെടുത്തു.