ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യം കേരളത്തിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിൽ പ്രധാനമാണ് റോഡുകളുടെ വികസനമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 45 മീറ്റർ വീതിയിൽ റോഡുകൾ നിർമ്മിക്കപ്പെടുന്നത് നാടിന്റെ വികസന പദ്ധതികൾക്ക് വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച ചാരോട്ടുകോണം – പഴയ ഉച്ചക്കട – കാക്കവിള റോഡുകളുടെ ഉദ്‌ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലപ്പാടി മുതൽ കന്യാകുമാരി വരെയുള്ള ദേശീയ പാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, മറ്റ് പ്രധാന പാതകളുടെ നിർമ്മാണം എന്നിവയുൾപ്പെടെ നാടിന്റെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പിന് സാധ്യമാകുന്നതെല്ലാം ചെയ്ത് സർക്കാർ മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടാം സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിച്ചത്. പുതിയ പാതകൾ തലസ്ഥാന ജില്ലയിലെ ഗതാഗത കുരുക്കിന് വലിയ രീതിയിൽ ആശ്വാസം പകരും.