ഇടുക്കി കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ലയാണെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര. എന്റെ കേരളം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, ജില്ലാ തല ആഘോഷത്തിന്റെ മൂന്നാം ദിനം ഇടുക്കിയും ടൂറിസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നിലയിലുള്ള വളര്‍ച്ച ജില്ലയിലെ ടൂറിസം മേഖലയില്‍ ഉണ്ടാവണം. ലോകം, ടൂറിസം മേഖലയില്‍ മത്സരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണം. വൃത്തിയും, ഭംഗിയും, എത്തിനിസിറ്റിയും ( തനത് ) പ്രാദേശിക അനുഭവവും ഉണ്ടെങ്കില്‍ ടൂറിസം മേഖല കൂടുതല്‍ ഉണര്‍വിലെത്തും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണം, വൃത്തിക്ക് ആദ്യ പരിഗണന നല്‍കണം, ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിനും ഭൂപ്രകൃതിക്കും അനുസൃതമായ സൗന്ദര്യവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എംപി ജോയ്‌സ് ജോര്‍ജ് മോഡറേറ്ററായി. ജില്ലയിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ ടൂറിസം സാധ്യതകളും ഉപയോഗിക്കാന്‍ സാധിക്കണമെന്നും അന്തര്‍ദേശിയ തലത്തില്‍ ഇടുക്കി എന്ന ടൂറിസം ബ്രാന്‍ഡിനെ അവതരിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇക്കോ ടൂറിസം, ഉത്തരവാദിത്വ ടൂറിസം, ഡിടിപിസിയുടെ പ്രവര്‍ത്തനങ്ങളും ദൗത്യവും മുതലായ മേഖലകളെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്തു.സാമൂഹ്യ നീതി വകുപ്പ് തയ്യാറാക്കിയ കൈ പുസ്തകം ജോയ്‌സ് ജോര്‍ജ് കോട്ടയം ഡി എഫ് ഒ, എന്‍.രാജേഷിന് കൈമാറി പ്രകാശനം ചെയ്തു.