രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കലാവേദിക്കും വര്‍ണശബളമായ തുടക്കം. ഉദ്ഘാടന സമ്മേളനത്തിന് ശേഷം അട്ടത്തോട് കിളിവാതില്‍ സംഘം അവതരിപ്പിച്ച കലാപരിപാടികളോടെയാണ് കലാവേദിക്ക് തിരശീല ഉയര്‍ന്നത്. പാരമ്പര്യ കലാരൂപങ്ങളായ പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം എന്നിവ വേറിട്ട കാഴ്ചാനുഭവം പകര്‍ന്നു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു ഈ കലാപരിപാടികള്‍ അരങ്ങേറിയത്.

താളത്തിലൊഴുകുന്ന സംഗീതത്തിനൊപ്പം കുട്ടികള്‍ കോല്‍ക്കളിക്ക് ചുവട് വച്ചപ്പോള്‍ സദസിന് അത് നവ്യാനുഭവമായി. മലവേട ജനതയുടെ പരമ്പരാഗത നൃത്തരൂപമായ പുറമടിയാട്ടവും വേദിയില്‍ അരങ്ങേറി. തലമുറകള്‍ കൈമാറി വന്ന തങ്ങളുടെ ഉത്ഭവത്തിന്റെ ചരിത്രം പാട്ടിലൂടെയും നൃത്തത്തിലൂടെയും പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയാണ് മലവേട ജനത ചെയ്യുന്നത്. ജില്ലയില്‍ കിരാതം എന്ന് അറിയപ്പെടുന്ന പുറമടിയാട്ടം കരികുളം ആദികലാകേന്ദ്രത്തിലെ ശിവരാജനും സംഘവുമാണ് വേഷപകര്‍ച്ചയോടെ വേദിയിലെത്തിച്ചത്.

തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് അവതരിപ്പിച്ച കഥകളിയും ആറന്മുള ശ്രീ ഷഡങ്കുര പുരേശ്വര കളരിയുടെ നേതൃത്വത്തില്‍ നടന്ന കളരിപ്പയറ്റും വേദിയില്‍ അരങ്ങേറി. രാത്രി എട്ടിന് ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ നയിച്ച തിരുവല്ല തായില്ലം അവതരിപ്പിച്ച നാടന്‍ പാട്ടും ദൃശ്യവിരുന്നും വേദിക്ക് മാറ്റ് കൂട്ടി.