*അനന്തപുരിയെ കാത്തിരിക്കുന്നത് ഉത്സവരാവുകള്‍

* ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍, പ്രവേശനം  സൗജന്യം

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനക്കുന്നില്‍ എന്റെ  കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് അരങ്ങുണരാന്‍ ഇനി മൂന്ന് നാളുകള്‍ മാത്രം. അനന്തപുരിയെ ഉത്സവത്തിമിര്‍പ്പിലാക്കുന്ന മെഗാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മെയ് 15ന് വൈകുന്നേരം അഞ്ചിന് നിശാഗന്ധിയിലാണ് മെഗാ പ്രദര്‍ശന മേളയുടെ ജില്ലാ തല ഉദ്ഘാടനം.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന നൂറോളം എക്‌സിബിഷന്‍ സ്റ്റാളുകളും ജില്ലയിലെ ചെറുകിട സംരഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന നൂറ്റമ്പതോളം വിപണന സ്റ്റാളുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായും വേഗത്തിലും ലഭ്യമാക്കുന്ന പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സേവന സ്റ്റാളുകള്‍, കുടുംബശ്രീ, പട്ടിക വര്‍ഗ വകുപ്പ്, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ് തുടങ്ങിയവര്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ടുകള്‍, ഗോപി സുന്ദര്‍ ഉള്‍പ്പെടെയുള്ള  പ്രശസ്തരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ എന്നിവ മെഗാ മേളയുടെ പ്രധാന ആകര്‍ഷണമാണ്. മേളയുടെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മെയ് 15ന് കനക്കുന്നിലെ നിശാഗന്ധിയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് യുവാക്കളുടെ ഹരമായ ഊരാളി ബാന്‍ഡ് പാട്ടും പറച്ചിലുമായി എത്തും.  പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെ മേള സജീവമായിരിക്കും.

മെഗാ മേളയുടെ പ്രചരാണാര്‍ത്ഥം സംഘടിപ്പിച്ച പ്രചാരണ വാഹനം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണം പൂര്‍ത്തിയാക്കി. മെയ് 8ന് പാപ്പനംകോട് ജംഗ്ഷനില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത പ്രചരണ വാഹനം ഇതിനോടകം തന്നെ നേമം, പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, അരുവിക്കര, വട്ടിയൂര്‍ക്കാവ്,  ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്, വാമനപുരം,ചിറയിന്‍കീഴ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് അവസാനിച്ചു.