കഴിഞ്ഞ മാസങ്ങളില്‍ രാജ്യം അതി തീവ്രമായ വൈദ്യുതി ക്ഷാമം നേരിട്ട ഘട്ടത്തിലും കേരളം അത് തരണം ചെയ്തതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഒരു യൂണിറ്റിന് 20 രൂപ നിരക്കില്‍ പോലും വൈദ്യുതി ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ഒരു ദിവസം 15 മിനിറ്റ് മാത്രം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാലോട് 110 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉത്പാദന രംഗത്ത് വലിയ ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി 38.5 മെഗാവാട്ടിന്റെ ജല വൈദ്യുത പദ്ധതികളും 117.5 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റുകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഇനിയും 124 മെഗാവാട്ടിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനപരമായി നല്ല വൈദ്യുതിക്ക് അടിത്തറ വേണമെങ്കില്‍ ജല വൈദ്യുത സ്രോതസ്സുകളെ പരമാവധി ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്നും ജലവൈദ്യുത പദ്ധതികള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പ്രസരണശൃംഖലയിലെ പഴക്കമേറിയ സബ്‌സ്റ്റേഷനുകളില്‍ ഒന്നായ പാലോട് 66 കെ.വി. സബ്‌സ്റ്റേഷന്റെ ശേഷി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മിച്ച് 110 കെ.വി. വോള്‍ട്ടേജിലേയ്ക്ക് ഉയര്‍ത്തുക, പുതുതായി 12.5 എം. വി.എ (MVA) ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. അതുവഴി വൈദ്യുത തടസ്സം പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട വോള്‍ട്ടേജിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലം, തൊളിക്കോട്, വിതുര, പനവൂര്‍, ആനാട്, ചിതറ, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ ഏകദ്ദേശം 42,000 ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാകും.16.53 കോടി രൂപ അടങ്കല്‍ തുകയുള്ള ഈ പദ്ധതിയില്‍ ലൈന്‍ നിര്‍മ്മാണത്തിന് 6.66 കോടി രൂപയും സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 9.87 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വൃന്ദാവനം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഡി. കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജാ രാജീവന്‍, വൈസ് പ്രസിഡന്റ് പി.എസ് ബാജിലാല്‍,  കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ ബി. അശോക്, പ്രസരണ വിഭാഗം ഡയറക്ടര്‍ രാജന്‍ ജോസഫ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.