ഞങ്ങളിതിനെ കൊമ്മയെന്നും ഇതിനെ കോരയെന്നും പറയും…മാനന്തവാടി പേര്യ സ്വദേശി അണ്ണനും തലപ്പുഴ മക്കിമല സ്വദേശി കേളുവും അവരുണ്ടാക്കിയ കൊട്ടയും നീളൻ മുറവും ചൂണ്ടികാണിച്ച് പറഞ്ഞു. വർഷങ്ങളായി മാനന്തവാടിയിൽ കുട്ട,മുറം,മറ്റു കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്ന ഇവർക്ക് എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിൽ വിപണനത്തിന് അവസരം ലഭിച്ചതിന്റെ സന്തോഷം. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന അമ്പും വില്ലും, മീൻ കൂടയും, ഇവർ കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. പ്രധാനമായും ഓടയിലും ചൂരലിലുമാണ് ഇവർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.സംസ്ഥാന സർക്കാർ വാർഷികാഘോഷത്തോടനുബന്ധിച്ച് കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പ്രദർശന വിപണനമേളയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് ഒരുക്കിയ സ്റ്റാളിലാണ് ഇവരുടെ ഉദ്പന്നങ്ങൾ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. കല്ലിൽ തീർത്ത ദോശകല്ല്,ഉണ്ണിയപ്പക്കല്ല് ,മൺപാത്രങ്ങൾ , കൈനാട്ടി അമൃദ് കേന്ദ്രത്തിൽ നിർമിച്ച കരകൗശല വസ്തുക്കൾ എന്നിവയും സ്റ്റാളിലുണ്ട്. ഗോത്രവിഭാഗത്തിലെ വിവിധ വിഭാഗങ്ങളുടെ കലാരൂപങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.പുല്ലിലും മുളയിലും തീർത്ത പരമ്പരാഗത കുടിലിന്റെ മാതൃകയും സ്റ്റാളിന്റെ പ്രധാന ആകർഷണമാണ്.