എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച സ്റ്റാളുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ പോലീസ് ആഘോഷ നഗരിയില്‍ രണ്ടിടങ്ങളിലായി തയ്യാറാക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാളുകള്‍. പോലീസ് സേന ഉപയോഗിക്കുന്നതും ഉപയോഗിച്ചിരുന്നതുമായ തോക്കുകള്‍, വിവിധ തരം ഡിറ്റക്റ്ററുകള്‍, കേരളാ പോലീസിന്റെ വാര്‍ത്താവിനിമയ വിഭാഗം, അതിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളൊക്കെയും കണ്ടറിയുന്നതിനുള്ള സൗകര്യം പോലീസിന്റെ പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ പോലീസിന്റെ സ്ത്രീ സുരക്ഷ സ്വയരക്ഷാ പരിശീലന പദ്ധതിയുടെ ഭാഗമായൊരു സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഉന്നം പരീക്ഷിക്കാന്‍ ഉപയോഗിച്ച് പോരുന്ന റൈഫിള്‍ ഡോട്ട് 22 ബ്രണോ, 1914 ല്‍ ഇറങ്ങിയ റൈഫിള്‍ നമ്പര്‍ 3, പരേഡുകള്‍ക്കും പരിശീലനത്തിനും മറ്റുമായുള്ള റൈഫിള്‍ നമ്പര്‍ 1, കൂടുതല്‍ കൃത്യതയുള്ള റൈഫിള്‍ 7.62 എം എം എസ് എല്‍ ആര്‍, ഇന്ത്യന്‍ നിര്‍മ്മിത തോക്കായ ഇന്‍സാസ്, എ കെ 47 ന്റെ ഇന്ത്യന്‍ നിര്‍മ്മിത തോക്കായ ഘാതക് തുടങ്ങി പോലീസ് സേനയുടെ കൈവശമുള്ള വിവിധ തോക്കുകള്‍ അരികില്‍ നിന്ന് കണ്ടറിയാന്‍ ധാരാളം ആളുകള്‍ പോലീസിന്റെ പ്രദര്‍ശന സ്റ്റാളില്‍ എത്തുന്നുണ്ട്.

ഡിറ്റക്റ്ററുകളുടെ പ്രദര്‍ശനമാണ് പോലീസിന്റെ സ്റ്റാളില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു കാഴ്ച്ച. എക്‌സ്‌പ്ലോസീവ് ഡിറ്റക്റ്റര്‍ ഫിഡോ എക്‌സ് 2, മെറ്റല്‍ ഡിറ്റക്റ്റര്‍ എച്ച് എച്ച് എം ഡി, ഡോര്‍ ഫ്രെയിം ഡിറ്റക്റ്റര്‍, ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്റ്റര്‍ ഡി എസ് എം ഡി തുടങ്ങി സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പോലീസ് സേന ഉപയോഗിക്കുന്ന ഡിറ്റക്റ്ററുകളും പ്രവര്‍ത്തനരീതികളും പോലീസിന്റെ സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. സ്‌ഫോടനത്തിന്റെ തീവ്രത കുറയ്ക്കുന്ന ബോംബ് സപ്രഷന്‍ ബ്ലാങ്കെറ്റ് വിത്ത് സേഫ്റ്റി സര്‍ക്കിള്‍ സംവിധാനത്തെപ്പറ്റിയും സ്റ്റാളിലൂടെ പരിചയപ്പെടാന്‍ കഴിയും.

കേരളാ പോലീസിന്റെ വാര്‍ത്താവിനിമയ വിഭാഗത്തിന്റെ പ്രവര്‍ത്തന രീതിയും പോലീസിന്റെ പ്രദര്‍ശന സ്റ്റാളിലൂടെ കണ്ടറിയാം. തിരുവനന്തപുരം പൊന്‍മുടി, ഇടുക്കി രാജമല, പാലക്കാട് നെല്ലിയാമ്പതി, വയനാട് കുറിച്ചിയാര്‍മല, കാസര്‍കോഡ് മാവുങ്കല്‍ തുടങ്ങി 5 ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ജാക്കുകളുടെ മോഡലുകളും രാജമലയിലെ ജാക്ക് റ്റു റിപ്പീറ്റര്‍ സ്റ്റേഷന്റെ മോഡലും പ്രദര്‍ശന സ്റ്റാളില്‍ അവതരിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ സ്ത്രീ സുരക്ഷ സ്വയരക്ഷാ പരിശീലന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള സ്റ്റാളിലൂടെ നാല് മാസ്റ്റര്‍ ട്രെയിനര്‍മാര്‍, വനിതകളെയും പെണ്‍കുട്ടികളെയും സ്വയരക്ഷാ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുന്നുണ്ട്. ഒപ്പം സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ സന്ദേശവും നല്‍കി പോരുന്നു. കാക്കിയുടെ കരുത്തറിയിക്കുന്ന പോലീസിന്റെ പ്രദര്‍ശന സ്റ്റാളിന് മേള നഗരിയിലെ കാണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ്.