എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ റോബോട്ടുകളും ജാര്‍വീസുമായെത്തിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. മുട്ടം, പുറപ്പുഴ പോളിടെക്‌നിക്കിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ലൈന്‍ ഫോളോവര്‍ റോബോട്ട്, പെഡല്‍ റോബോട്ട് എന്നിവയുടെ ചെറുമാതൃക പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഉത്പന്നങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഒരു നിശ്ചിത രേഖയിലൂടെ എത്തിക്കാനാണ് ലൈന്‍ ഫോളോവര്‍ റോബോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്. അര്‍ഡിനോ ബോര്‍ഡ്, മോട്ടോര്‍ ഡ്രൈവര്‍ ബോര്‍ഡ്, ലൈന്‍ സെന്‍സേഴ്‌സ് എന്നിവയാണ് ലൈന്‍ ഫോളോവര്‍ റോബോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍. ഭിന്നശഷിക്കാര്‍ക്ക് സഹായകമാകുന്ന ഉപകരണമാണ് പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ജാര്‍വീസ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം കാഴ്ച കേള്‍വി ശക്തി ഇല്ലാത്തവര്‍ക്ക് തുണയാകും.
തൊപ്പി മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ജാര്‍വിസില്‍ ക്യാമറ, സെന്‍സര്‍, സ്പീക്കര്‍, മൈക്ക് വിവിധ തരം ചിപ്പുകള്‍ ഉള്‍പ്പെടെയാണ് നിര്‍മിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ബന്ധുക്കള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലം, ചിത്രം എന്നിവ മൊബൈലില്‍ ലഭ്യമാക്കുന്നതിനൊപ്പം അവരോട് സംസാരിച്ച് നിര്‍ദ്ദേശം നല്‍കാനും കഴിയും. പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജയകൃഷ്ണന്‍, അശ്വതി, റിയ, സിയാന എന്നിവര്‍ പഠന പ്രൊജക്ടിന്റെ ഭാഗമായി നിര്‍മിച്ചതാണ് ജാര്‍വീസ്. ഇവയ്ക്ക് പുറമെ സി.പി.യുവിന്റെ ചെറുമാതൃകയായ റാസ്ബറിപൈ, ഓട്ടോമാറ്റിക് വാഹനങ്ങള്‍, എയര്‍ക്രാഫ്റ്റ്, സാറ്റലൈറ്റ്, എന്നിവയുടെ നിയന്ത്രണത്തിനുപയോഗിക്കുന്ന മൈക്രോ കണ്ട്രോള്‍ ബോര്‍ഡ്, ഇംപള്‍സ് ടര്‍ബൈന്‍, ബൈക്കുകളുടെ റ്റു സ്‌ട്രോക്ക് എഞ്ചിന്‍, വര്‍ക്ക് വേം വീല്‍, വിവിധയിനം പല്‍ചക്രങ്ങള്‍ എന്നിവ കാണാനും ഇവയുടെ പ്രവര്‍ത്തനം മനസിലാക്കാനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ അവസരമുണ്ട്. പ്രദര്‍ശന വസ്തുക്കള്‍ പരിചയപ്പെടുത്താനും അവയുടെ പ്രവര്‍ത്തനം വിശദീകരിക്കാനും പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെയും മുട്ടം, പുറപ്പുഴ, വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളും സ്റ്റാളിലുണ്ട്.
വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ 138 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മേളയുടെ ഭാഗമായി സെമിനാറുകളും, വിവിധ കലാപരിപാടികളും അരങ്ങേറും. വിനോദവും വിജ്ഞാനവും പകരുന്ന പ്രദര്‍ശന വിപണനമേളയില്‍ പ്രവേശനം സൗജന്യമാണ്. മെയ് 15 ന് മേള സമാപിക്കും.