എന്റെ കേരളം പ്രദര്‍ശന, വിപണന മേള നടക്കുന്ന വാഴത്തോപ്പ് ജി വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുള്ള കുടുംബശ്രീ ഫുഡ് കോര്‍ട്ട് രുചി വിഭവങ്ങളുടെ കലവറയാണ്. തനി നാടന്‍ വിഭവങ്ങള്‍ മുതല്‍ നാവില്‍ രുചിയൂറുന്ന മലബാര്‍ വിഭവങ്ങളും രുചി വൈവിധ്യം തീര്‍ക്കുന്ന ജ്യൂസിനങ്ങളുമെല്ലാം കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ ലഭിക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ കഫെ യൂണിറ്റുകള്‍ വഴിയാണ് മേള നഗരിയില്‍ രുചിയുടെ വക ഭേദങ്ങള്‍ ഒരുക്കുന്നത്. കപ്പ, മീന്‍, കപ്പബിരിയാണി, കപ്പ – ബീഫ്, പിടിയും കോഴിയും തുടങ്ങി വിവിധ നാടന്‍ വിഭവങ്ങളാണ് തൊടുപുഴ യുണീക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ കഫേയില്‍ ഒരുക്കിയിട്ടുള്ളത്.
ചിക്കന്‍ പൊട്ടിത്തെറിച്ചത്, കരിംജീരക കോഴി, നൈസ് പത്തിരി, പഴം നിറച്ചത്, കുഞ്ഞിത്തലയണ എന്നിവക്കൊപ്പം ഉന്നക്കായ, ചട്ടിപത്തിരി തുടങ്ങിയ മലബാര്‍ സ്‌നാക്‌സ് ഇനങ്ങളും കോഴിക്കോട് കരുണ കുടുംബശ്രീ കഫെ യൂണിറ്റ് വഴി ഭക്ഷ്യമേളയില്‍ തയ്യാറാണ്. കുഴിമന്തി, ചിക്കന്‍ ചുക്ക, ചതിക്കാത്ത സുന്ദരി ചിക്കന്‍, മസാല ചായ, ചിക്കന്‍ ചാട്ട് പട്, നെയ് പത്തിരി തുടങ്ങിയവയൊക്കെയാണ് കാസര്‍കോഡ് നിന്നുള്ള അമ്മ കുടുംബശ്രീ കഫെ യൂണിറ്റ് തയ്യാറാക്കിയിട്ടുള്ള സ്‌പെഷ്യല്‍ വിഭവങ്ങള്‍. ദോശ, നെയ് റോസ്റ്റ്, പൊറോട്ട, ചപ്പാത്തി, ബിരിയാണി തുടങ്ങി വിവിധ വിഭവങ്ങള്‍ തയ്യാറാക്കിയാണ് കോട്ടയം ഉണര്‍വ്വ് കുടുംബശ്രീ കഫെ യൂണിറ്റ്, മേള നഗരിയില്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. എറണാകുളം തിരുവോണം കുടുംബശ്രീ കഫേ ക്രമീകരിച്ചിട്ടുള്ള ജ്യൂസ് കൗണ്ടറിലൂടെ ഏഴ് തരം നെല്ലിക്കാ ജ്യൂസുകളുടെയടക്കം രുചിഭേദം ആസ്വദിക്കാം. രാവിലെ 8 മണി മുതല്‍ രാത്രി ഒരു മണി വരെ നീളും കുടുംബശ്രീ കഫേയുടെ പ്രവര്‍ത്തനം. കഫേ യൂണിറ്റുകളില്‍ ഇരുപതിലധികം ആളുകള്‍ ഭക്ഷണം പാചകം ചെയ്യുന്നതുള്‍പ്പെടെയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ സി ഡി എസ് അംഗങ്ങളായ പത്തോളം ആളുകളും കഫേയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കര്‍മ്മനിരതരായുണ്ട്.
കുടുബശ്രീ ഇടുക്കി ജില്ലാമിഷന്‍ കോഡിനേറ്റര്‍ അജേഷ് റ്റി ജിയുടെ നേതൃത്വത്തിലാണ് രുചിഭേദങ്ങളുടെ കലവറയൊരുക്കിയിട്ടുള്ള കുടുംബശ്രീ കഫേയുടെ പ്രവര്‍ത്തനം. ആരംഭ ദിവസം മുതല്‍ ആഘോഷ നഗരിയില്‍ എത്തുന്നവര്‍ കുടുംബശ്രീ കഫേ ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയ്ക്കും വലിയ പിന്തുണയാണ് നല്‍കി പോരുന്നത്.