ചരിത്രാന്വേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൗതുകവും അതേ സമയം വിസ്മയവും ജനിപ്പിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുമായി
ചെമ്പകപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍. കോവിഡ് മഹാമാരി നമ്മളെയാകെ തളര്‍ത്തിയപ്പോള്‍ ദേവിക അനീഷും അന്‍സാ ദീത്തയും ആതിര ഷാജിയും തളരാതെ സ്വന്തം ജില്ലയായ ഇടുക്കിയുടെ ചരിത്രം തേടി ഇറങ്ങി.

ഇടുക്കിക്ക് ഒരു സ്വാതന്ത്ര്യസമരചരിത്ര പാരമ്പര്യം ഇല്ല എന്നും ഇടുക്കിയിലേക്ക് കുടിയേറിയ ബ്രിട്ടീഷുകാര്‍ സ്‌കോട്ട്ലന്‍ഡ് കാരും അയര്‍ലന്‍ഡ് കാരുമാണെന്നും ഈ കുട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെ വന്ന വിദേശികള്‍ അധികാരമോഹികള്‍ അല്ലായിരുന്നുവെന്നും കര്‍ഷകരായിരുന്നു എന്നുമാണ് ഈ കുട്ടികള്‍ കണ്ടെത്തിയത്. ഈ കണ്ടെത്തലുകളുടെ ആധികാരികത ഉറപ്പു വരുത്തി പുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

കട്ടപ്പന സബ് ജില്ലയില്‍പ്പെടുന്ന 73 പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷിക ആഘോഷത്തിന്റെയും ഇടുക്കി ജില്ലയുടെ 50 ആം വാര്‍ഷികത്തിന്റെയും ഭാഗമായി കുട്ടികള്‍ക്ക് ഒരു പ്രൊജക്റ്റ് നല്‍കുകയും അത് കൃത്യമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. എല്‍.പി, യു. പി, എച്ച്. എസ് , എച്ച്. എസ്. എസ് എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഇടുക്കിയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ നല്‍കി, സ്‌കൂള്‍ തലത്തില്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു ക്രോഡീകരിച്ച് ഉപജില്ലാതലത്തില്‍ സമര്‍പ്പിച്ചു. കുട്ടികള്‍ ശേഖരിച്ച വിവരങ്ങള്‍ പിന്നീട് സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്‌മെന്റിന് കൈമാറുകയും ചെയ്തു. കട്ടപ്പന വിദ്യാഭ്യസ ഉപജില്ലയുടേയും സമഗ്ര ശിക്ഷാ കട്ടപ്പന ബി ആര്‍ സി യുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എ ഇ ഒ ടോമി ഫിലിപ്പ് ബി പി സി മുരുകന്‍ വി അയത്തില്‍ എന്നിവരായിരുന്നു നേതൃത്വം നല്‍കിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കട്ടപ്പന ഡി.ഇ.ഒ മനോഹരന്‍ കെ ജി തൊടുപുഴ ഡി.ഇ.ഒ ഷീബ മുഹമ്മദ് എന്നിവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു കുട്ടികളെ അഭിനന്ദിച്ചു. ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബാണ് കുട്ടികള്‍ക്ക് ചരിത്ര അന്വേഷണ പ്രൊജക്റ്റ് നല്‍കിയത്.