സൗജന്യ ജല ഗുണനിലവാര പരിശോധനയുമായി ജില്ലാ ജല അതോറിറ്റി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പ് ജി. വി. എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ലാബിന്റെ സ്റ്റാളിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

850 രൂപ ചെലവുവരുന്ന ഗുണ നിലവാര പരിശോധന സൗകര്യം നിരവധിയാളുകളാണ് മേളയില്‍ സൗജന്യമായി ഉപയോഗപ്പെടുത്തുന്നത്. ജല പരിശോധനയ്ക്കായി ഒരു ലിറ്റര്‍ വെള്ളവും ബാക്ടീരിയ പരിശോധനയ്ക്ക് അണുവിമുക്തമായ (സ്റ്റെറിലൈസ്ഡ്) കുപ്പിയില്‍ കുറഞ്ഞത് 100 മില്ലി ലിറ്റര്‍ വെള്ളവുമാണ് കൊണ്ടുവരേണ്ടത്. നിറം, പിഎച്ച് മൂല്യം, കോളിഫോം ബാക്ടീരിയ, ഇ-കോളി ബാക്ടീരിയ, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, സാന്നിധ്യം എന്നിവ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഫലം നല്‍കും. ഞായറാഴ്ച വരെ സൗജന്യസേവനം ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ പരിശോധനയ്ക്ക് കുടിവെള്ളം എത്തിക്കാം. ജില്ലയില്‍ ജലഗുണ നിലവാര പരിശോധനയ്ക്കായി നാല് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ലാബും സബ് ജില്ലാ ലാബും. കൂടാതെ അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലും സബ് ജില്ലാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മഴവെള്ളം സംഭരിച്ച് ഫില്‍റ്റര്‍ ചെയ്തുള്ള കിണര്‍ റീചാര്‍ജിങ്ങിന്റെ മാതൃകയും ഭൂമിയുടെ പല തട്ടുകളില്‍ നിന്നായുള്ള വിവിധ ഘടനയില്‍പ്പെട്ട കല്ലുകളും ബോര്‍ വെല്ലിന്റെയും ട്യൂബ് വെല്ലിന്റെയും ഫില്‍റ്റര്‍പോയിന്റ് വെല്ലിന്റെയും ഓപ്പണ്‍ വെല്ലിന്റെയും നിര്‍മ്മാണ മാതൃകകളും ഒരുക്കി ജില്ലാ ഭൂജല വകുപ്പിന്റെ സ്റ്റാളും മേളയില്‍ ആകര്‍ഷണീയമായി. യു. കെ ആസ്ഥാനമായ റോബെട്‌സണ്‍ കമ്പനിയുടെ നിര്‍മ്മിതിയായ ആര്‍. ജി മൈക്രോലഗ്ഗര്‍ 2 എന്ന ജിയോഫിസിക്കല്‍ ലോഗ്ഗര്‍ യൂണിറ്റും മേളയിലെ മറ്റൊരു താരമാണ്. ഭൂജലത്തിലെ ഉപ്പുരസം, ഇരുമ്പിന്റെ അംശം എന്നിവ കണ്ടെത്തുന്നതിനായാണ് ജിയോഫിസിക്കല്‍ ലോഗ്ഗര്‍ ഉപയോഗിക്കുന്നത്.

ട്യൂബ് വെല്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ചെയ്യുന്ന പൈലറ്റ് കിണറിലേയ്ക്ക് ലോഗ്ഗര്‍ യൂണിറ്റ് ഉപയോഗിച്ച് വൈദ്യുത പ്രവാഹത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണിന്റെ വിവിധ പാളികളില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം അളക്കും. അതു വഴി കിണറിനുള്ളിലെ വിവിധ മേഖലകളിലെ മണ്ണിന്റെ ഘടന ശാസ്ത്രീയമായി വിശകലനം ചെയ്ത് ശുദ്ധജലം ലഭിക്കുന്ന മേഖലകള്‍ കണ്ടെത്തുവാനും ജിയോഫിസിക്കല്‍ ലോഗ്ഗര്‍ കൊണ്ട് കഴിയും. ഇതനുസരിച്ചുള്ള റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ട്യൂബ് വെല്ലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടില്‍ ലോകബാങ്കിന്റെ ധനസഹായത്തോടു കൂടി 79,83,222 രൂപയ്ക്കാണ് സംസ്ഥാന ഭൂജലവകുപ്പ് ജിയോഫിസിക്കല്‍ ലോഗ്ഗര്‍ ലഭ്യമാക്കിയിട്ടുള്ളത്.

തുള്ളി നന സംവിധാനത്തിന്റെ മാതൃകയൊരുക്കി ജില്ലാ ജലസേചന വകുപ്പും മേളയില്‍ സജീവമായുണ്ട്. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പട്ടിശ്ശേരി ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രൊജെക്ടര്‍ വഴി കാഴ്ച്ചക്കാര്‍ക്കായി സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.