സുസ്ഥിരമായൊരു കുടിവെള്ള സംരക്ഷണ പദ്ധതിയാണ് ജല ജീവന്‍ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, എന്റെ കേരളം ജില്ലാ തല ആഘോഷത്തിന്റെ നാലാം ദിനം ‘പ്രാദേശിക പദ്ധതി ആസൂത്രണം, ലൈഫ് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നുണ്ടോ എന്നത് പ്രധാന വിഷയമാണെന്നും സംസ്ഥാനത്തെ മുഴുവന്‍ മേഖലകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും 2024 ആകുമ്പോഴേക്കും സംസ്ഥാനത്ത് എല്ലാ വീടുകളിലും ടാപ് വഴി വെള്ളം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വികേന്ദ്രീകരണ ആസൂത്രണം മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. സാധ്യതകളെ കണ്ടെത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഏറ്റവും ആവശ്യമായിട്ടുള്ളത് ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എം നൗഷാദ് അധ്യക്ഷത വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്നും 100% പദ്ധതി തുക ചെലവഴിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ജിജു പി. അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കിയുടെ സാധ്യതകള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉപയോഗിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ പരിഹരിക്കാന്‍ കഴിയണം. കേരളത്തെ വിജ്ഞാന സമൂഹമായി വളര്‍ത്തുക, ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കാണ് പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പുതിയ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും ഗവണ്‍മെന്റിന്റെ പൊതുവായ നയത്തോട് ചേര്‍ന്ന് നിന്ന് ഒരേ ലക്ഷ്യത്തോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ ഐഎസ്എ പ്ലാറ്റ്‌ഫോം സംസ്ഥാന പ്രസിഡന്റ് ടി.കെ തുളസിധരന്‍ പിള്ള, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂറ്റിവ് എഞ്ചിനിയര്‍ വി.എസ് കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എം ബഷീര്‍, ഡിപിസി സര്‍ക്കാര്‍ നോമിനി കെ.ജയ, സെമിനാര്‍ കമ്മറ്റി കണ്‍വീനര്‍ രാജു ജോസഫ് കല്ലറക്കല്‍, സണ്ണി ഇല്ലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.