ഓരോ മികച്ച കൊത്തുപണിക്ക് പിന്നിലും അറിയാത്ത സ്‌നേഹഗാഥയുടെ തീരാനോവിന്റെ കദനകഥ കൂടിയുണ്ടാവുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ‘ഇരുട്ട്’ നാടകം. ഇടിയോടും മഴയോടും കൂടെ സദസിനെ ആകാംഷ മുള്‍മുനയില്‍ നിര്‍ത്തിയാണ് യൗവന ഡ്രാമ വിഷന്‍ ഈ നാടകം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ അവതരിപ്പിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ രണ്ടാം ദിന കലാസന്ധ്യയില്‍ മുഖ്യ ആകര്‍ഷണവും ഈ നാടകം തന്നെയായിരുന്നു.

കാലികപ്രസക്തിയുള്ള വിഷയങ്ങളിലൂടെയാണ് രംഗം അവതരിപ്പിക്കുന്നത്. രണ്ടു പശ്ചാത്തലങ്ങളിലാണ് ഈ കഥ അവതരിപ്പിക്കുന്നത്.നാടകത്തിന്റെ പേര് പരാമര്‍ശിക്കുന്ന പോലെ സമൂഹത്തിലെ പ്രകാശം ഇല്ലായ്മയാണ് ചിന്തകളിലേക്ക് കൊണ്ടു വരുന്നത്. പ്രകാശം ഇല്ലായ്മ സമൂഹത്തിന്റെ അന്ധതയാണ്. ഇരുട്ടിന്റെ ആത്മാവിലേക്ക് വെളിച്ചം വരേണ്ടതുണ്ട്. ആ പ്രകാശത്തെ അനുവാചകരുടെ മനസിലേക്ക് കടത്തിവിടുകയാണ് നാടകം.

തിക്തമായ ജീവിത സാഹചര്യവും പശ്ചാത്തലവും പ്രേക്ഷക ഹൃദയങ്ങളെ വേദനാപൂര്‍ണമായ നിമിഷങ്ങളിലേക്ക് കൊണ്ടുപോകുന്നു.അടിമ കാലത്തിന്റെ ദുരനുഭവം കൊഴുപ്പിച്ച കുറുമ്പന്റെയും കുറുമ്പത്തിയുടെയും ഭാവാഭിനയത്തിന് മുന്നില്‍ പ്രേക്ഷകര്‍ സ്തബ്ദരായി. ഒരു നിമിഷം, ആ കാലഘട്ടത്തിലേക്ക് ഉള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയായി അതവര്‍ക്ക്. അടിമപ്പെണ്ണിനെ പേറ്റുനോവിന് വേദന വേദനയും പരസ്പരം കരുതുന്ന ദമ്പതിമാരും പരസ്പരം ഒറ്റു കൊടുക്കാത്ത നിര്‍വ്യാജ സ്‌നേഹ പ്രതിഫലനത്തിന്റെ കാഴ്ചാനുഭവം കൂടിയാണിത്.

നിറവയറുമായി നിന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും യമുനാ നദിയിലെ താന്‍ വാരിയെടുത്ത് സ്‌നേഹ പരിലാളനം നല്‍കിയ വാരിയെല്ലുകള്‍ പെറുക്കിയെടുക്കേണ്ട അവസ്ഥയാണെന്ന് പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ വേദനയും സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ഇന്നും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നു എന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി മാറുന്നില്ലേ എന്ന ചോദ്യവും നാടകം ഉയര്‍ത്തുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ജീവന്‍ പോലും വെടിയേണ്ടി വരുന്നുണ്ട്. ഈ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ക്ക് സമൂഹം സാക്ഷ്യം വഹിക്കുമ്പോള്‍ നാം എവിടെ എത്തി നില്‍ക്കുന്നു എന്നാണ് നാം ചിന്തിക്കേണ്ടത്. ആ കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ അവസാനിക്കുന്നില്ല. ഇന്നും ജീവിക്കുന്ന രക്തസാക്ഷികള്‍ അവരുടെ കഥ പറയുന്നുണ്ടെന്ന കാര്യം സമൂഹത്തിനോട് നാടകം പറഞ്ഞു വെയ്ക്കുന്നു…