മേള നഗരിയില്‍ വിസ്മയം തീര്‍ത്ത് കുട്ടി പ്രതിഭകള്‍. നിറഞ്ഞ ചിരിയുമായി കാണികളെ വരവേല്‍ക്കുന്ന വണ്ടന്മേട് എംഇഎസ് സ്‌കൂളിലെ പത്താം ക്ലാസുകാരന്‍ കാര്‍ത്തിക് കൃഷ്ണ ചില്ലറക്കാരനല്ല. സാങ്കേതിക വിദ്യയും കലയും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കാര്‍ത്തിക് സ്വന്തമായി നിര്‍മ്മിച്ച മെറ്റല്‍ ഡിറ്റക്ടിങ് റോവറുമായി കാണികളെ അത്ഭുതപ്പെടുത്തി. മറ്റ് ഗ്രഹങ്ങളിലെ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണ് റോവര്‍ ഉപയോഗിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ ഐഎസ്ആര്‍ഒ , നീതി ആയോഗ്, എഐഎം സംയുക്തമായി സംഘടിപ്പിച്ച എടിഎല്‍ സ്‌പേസ് ചലഞ്ച് 2021 ല്‍ തെരഞ്ഞെടുക്കപ്പെട്ട 75 കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് കൃഷ്ണയുടേത്. കേരളത്തില്‍ നിന്നും മാത്രം ആയിരത്തിനു മുകളില്‍ കണ്ടുപിടുത്തങ്ങളാണ് ചലഞ്ചില്‍ അവതരിപ്പിക്കപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രഗത്ഭരായ വിദ്യാര്‍ത്ഥികളുമായി മാറ്റുരച്ചാണ് കാര്‍ത്തിക് ഈ വിജയത്തിലെത്തി ചേര്‍ന്നത്. എല്ലാത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കി പിതാവ് സജിയും കാര്‍ത്തിക്കിനൊപ്പം ഉണ്ട്.

തെയ്യം കലാകാരന്‍ കൂടിയാണ് കാര്‍ത്തിക്. ചെറു പ്രായം മുതല്‍ തെയ്യം അഭ്യസിക്കുന്ന കാര്‍ത്തിക് ഭഗവതി തെയ്യമാണ് കെട്ടിയാടുന്നത്. നിരവധി സദസുകളിലും ഉത്സവങ്ങളിലും തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. ഈ ചെറു പ്രായത്തില്‍ തന്നെ സ്വയം പര്യാപ്തയുടെ ഉത്തമ ഉദാഹരണമാണ് കാര്‍ത്തിക്. സംഗീതത്തെയും ഈ കൊച്ചു മിടുക്കന്‍ നെഞ്ചോട് ചേര്‍ക്കുകയാണ്. കീബോര്‍ഡില്‍ പ്രഗത്ഭനായ കാര്‍ത്തിക് എസ്പിസി വിര്‍ച്വല്‍ കലോത്സവത്തിലും സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഐഎസ്ആര്‍ഒയുടെ ഭാഗമാകണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം.

പത്താംക്ലാസുകാരി കുസുമപ്രിയ പ്രകാശന്‍ ചിത്രരചനയിലൂടെയാണ് മേളയില്‍ ശ്രദ്ധ നേടിയത്. ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ അതേപോലെ ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് ഈ കൊച്ചു മിടുക്കി. വലിയ പരിശീലനങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് കുസുമപ്രിയയെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. ആര്‍ക്കിടെക്ട് ആകുകയാണ് കുസുമപ്രിയയുടെ ലക്ഷ്യം.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികാഘോഷം വാഴത്തോപ്പ് ഗവണ്മെന്റ് വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. പ്രതിഭകളുടെ സംഗമം കൂടി ആവുകയാണ് മേള നഗരി. വിസ്മയ കാഴ്ച ഒരുക്കുന്ന ജില്ലാ തല പ്രദര്‍ശന വിപണന മേള മെയ് 15 ന് അവസാനിക്കും.