മണ്ണിനേയും ജലത്തെയും മറ്റു പ്രകൃതി വിഭവങ്ങളെയും ഭാവി തലമുറയ്ക്കായി കരുതി വെക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന നീര്‍ത്തട സംരക്ഷണത്തിന്റെ മാതൃകാ രൂപം നിര്‍മ്മിച്ച് മേളയില്‍ ജന ശ്രദ്ധയാകാര്‍ഷിച്ച് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്.
മണ്ണിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ നിലനിര്‍ത്തി അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ സംരക്ഷിക്കാമെന്നുമുള്ള അറിവുകള്‍ പകര്‍ന്നു നല്കുന്നതിനായുള്ള വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ നിരവധി പോസ്റ്ററുകളാണ് സ്റ്റാളില്‍ അണിനിരത്തിയിട്ടുള്ളത്. അതോടൊപ്പം മണ്ണ് പരിശോധനയ്ക്കായി മണ്ണ് ശേഖരിക്കുന്ന ക്വാര്‍ട്ടര്‍ രീതി വിശദീകരിക്കുന്ന മാതൃകാ രൂപവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്തെ പ്രധാന മണ്ണിനങ്ങളായ വനമണ്ണ്, ചെമ്മണ്ണ്, എക്കല്‍മണ്ണ്, മലയോര മണ്ണ്, തീരദേശ മണ്ണ്, വെട്ടുകല്‍ മണ്ണ്, കരിമണ്ണ്, കറുത്ത പരുത്തി മണ്ണ് എന്നിവയും വ്യവസായിക പ്രാധാന്യമുള്ള മണ്ണിനമായ ചൈന ക്ലെയും പ്രദര്‍ശനത്തിലെ മറ്റൊരാകര്‍ഷണമാണ്.
സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ചു പ്രകൃതി വിഭവങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഇടുക്കി ജില്ല. ലോകത്തില്‍ തന്നെ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമുള്ള ചോല വനങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നീലക്കുറിഞ്ഞിയുമെല്ലാമുള്ള മലഞ്ചെരുവുകളും താഴ്വാരങ്ങളും നദികളും അണക്കെട്ടുകളും പുല് മേടുകളും, തേയിലത്തോട്ടങ്ങളുമെല്ലാം അടങ്ങിയ ഭൂപ്രകൃതി ഇടുക്കിയുടെ മാത്രം സവിശേഷതയാണ്. അവയെല്ലാം എങ്ങനെ ശാസ്ത്രീയമായി സംരക്ഷിക്കാമെന്ന് മേളയില്‍ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ കണ്ടിറങ്ങുന്ന ഓരോരുത്തരിലും അവബോധമുണര്‍ത്തുന്നു. മണ്ണിന്റെ പോഷകനില മനസിലാക്കുവാനും അതനുസരിച്ചു വള പ്രയോഗം നടത്തുവാനും വകുപ്പ് തയ്യാറാക്കിയ ‘മാം’ മൊബൈല്‍ ആപ്ലിക്കേഷനും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന- വിപണന മേള പുരോഗമിക്കുകയാണ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് മേള നഗരി സന്ദര്‍ശിച്ചത്. മേള മെയ് 15 ന് അവസാനിക്കും.