നവ കേരള സൃഷ്ടിക്കായുള്ള ആശയങ്ങളുമായി ഹരിത കേരള മിഷന്‍ പ്രദര്‍ശനത്തിനെത്തി. രണ്ടാം പിണാറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധ നേടി ഹരിത കേരളം സ്റ്റാള്‍. ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ മേളയിലെ സ്റ്റാള്‍ സഹായകരമാകുന്നു.

ജലസംരക്ഷണ മാതൃകകള്‍, വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് അറിയാനും സ്റ്റാള്‍ അവസരം നല്‍കുന്നു. ഹരിത കേരള മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ചിത്രം, വീഡിയോ പ്രദര്‍ശനവും സ്റ്റാളില്‍ ഉണ്ട്. മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, ഹരിത നിയമാവലി , സുജലം സുഫലം പ്രവര്‍ത്തന മാര്‍ഗ രേഖ, ഹരിത വീടുകളില്‍ ജല സംരക്ഷണം തുടങ്ങിയ ലഘുലേഖകള്‍ സ്റ്റാളില്‍ വിതരണം ചെയ്യുന്നു. മേള നഗരിയില്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ വോളന്റീര്‍ ആയും പ്രവര്‍ത്തിക്കുന്നുണ്ട്.