പിന്നണിയിൽ വരിക്കാശ്ശേരി മന. കൈരളിയുടെ മുറ്റത്ത് മലയാളത്തിൻ്റെ സ്വന്തം തിരുവാതിര. അംഗനമാരിൽ മുല്ലപ്പൂ ചൂടി കസവുമുണ്ടുടുത്ത് ജില്ലാ കളക്ടർ എ.ഗീതയുടെ നേതൃത്വത്തിലുള്ള സംഘം. എൻ്റെ കേരളം സമാപന വേദിയിൽ കലാപരിപാടികൾക്ക് നിറഞ്ഞ സദസ്സിൻ്റെ ആലിംഗനം. ഔദ്യോഗികമായ തിരക്കുകൾക്കിടയിലും വ്യത്യസ്തമായ കലാ പരിപാടികളെ കോർത്തിണക്കി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അവിസ്മരണീയമാവുകയായിരുന്നു. കലാവതരണത്തിനായി ജീവനക്കാർക്കായി ലഭിച്ച ജില്ലയിലെ ഏറ്റവും വലിയ വേദിയായും എൻ്റെ കേരളം മാറി. ഗോത്രസംസ്കൃതിയുടെ ചുവടുകളുമായി നാടോടി നൃത്തം, നാടൻ പാട്ടുകൾ തുടങ്ങി സ്വന്തം നാടിൻ്റെ കലാചാരുതകളുമായി കലാവിരുന്ന് സദസ്സിനെ കൈയ്യിലെടുത്തു.

ഹിറ്റ് ഗാനങ്ങളുമായി വിവിധ വകുപ്പ് ജീവനക്കാരുടെ ഗാനമേള, കവിതാലാപനം, സംഘഗാനം ഇങ്ങനെ നീണ്ടുപോവുകയായിരുന്നു കലാ സന്ധ്യ. ബി.വിഷ്ണുപ്രിയയുടെ ഗസലുകളും എൻ്റെ കേരളത്തിൻ്റെ ഇമ്പമായി. കേരളത്തനിമയുടെ നേർക്കാഴ്ചകളുമായാണ് ജീവനക്കാരുടെ കലാപരിപാടികളെല്ലാം അരങ്ങിലെത്തിയത്. ഏറ്റവും ഒടുവിൽ അരങ്ങിലെത്തിയ എല്ലാ കലാരൂപങ്ങളെയും അണിനിരത്തി ജില്ലാ കളക്ടർ എ.ഗീതയുടെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോയും സദസ്സിൻ്റെ മനം കവർന്നു.

എൻ്റെ കേരളം സാംസ്കാരിക വേദിയിൽ നിന്നും പുറത്തേക്ക് കവിഞ്ഞും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കലാസ്വാദകർ പരിപാടി കാണാൻ ഒഴുകിയെത്തിയിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള എൻ്റെ കേരളം സാംസ്കാരിക പരിപാടികൾ ജില്ലയുടെ കലാസ്വാദകർക്ക് വേറിട്ട അനുഭവമായിരുന്നു. നാടൻ പാട്ടുകൾ,സൂഫി സംഗീതം ഗസൽ നിലാവ് , എന്നിങ്ങനെ വൈവിധ്യങ്ങളായ കലാപരിപാടികൾ മേളയുടെ ആകർഷണമായിരുന്നു. ജീവനക്കാരുടെ കലാ സന്ധ്യയ്ക്ക് മുമ്പ് കണിയാമ്പറ്റ ചിൽഡ്രൻസ് ഹോമിലെ വിദ്യാർഥികൾ യോഗ ഡാൻസും അവതരിപ്പിച്ചിരുന്നു.