ഇടിക്കാന്‍ എനിക്കും അറിയാം… അതുകൊണ്ട് ഞാന്‍ തന്നെയാണിവിടെ എസ്ഐയെന്ന എട്ടുവയസുകാരിയുടെ ഭാവത്തിന് മുന്നില്‍ വനിതാ പോലീസുകാര്‍ക്ക് കീഴടങ്ങേണ്ടിവന്നു. വനിതാ പോലീസിന്റെ സ്വയം പ്രതിരോധ അവബോധവും പരിശീലനവും നല്‍കിയ സ്റ്റാളില്‍ എത്തിയ എട്ടു വയസുകാരി മാളവികയാണ് കുറച്ചുനേരം സ്റ്റേഷന്‍ (സ്റ്റോള്‍) ഭരിച്ചത്.
വനിതാസെല്‍ ഇന്‍സ്പെക്ടര്‍ എസ്. ഉദയമ്മയുടെ നേതൃത്വത്തിലായിരുന്നു വനിതകള്‍ക്ക് സ്വയം പ്രതിരോധം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തില്‍ പരിശീലനം. വനിതാ പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സിന്‍സി. പി. അസീസ്, ബി. ലേഖ, കെ.എന്‍ ഉഷ എന്നിവരാണ് ഈ സമയം സ്വയംപ്രതിരോധം പരിശീലിപ്പിച്ചത്. അവരുടെ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ‘ഇതൊക്കെ എന്ത്!’ എന്ന ഭാവമായി മാളവികയ്ക്ക്. തുടര്‍ന്ന് പോലീസ് ആന്റിമാരോട് ഏറ്റുമുട്ടാന്‍ ഉറപ്പിച്ചുതന്നെ കളത്തിലിറങ്ങുകയായിരുന്നു. മാളവികയുടെ സഹോദരി മീനാക്ഷിയും സുഹൃത്ത് അഭിരാമിയും സേനാംഗങ്ങളില്‍ നിന്നും പരിശീലനം നേടിയെടുത്തു. പൂക്കോട് സ്വദേശികളായ ഷീനയുടെയും സിജുവിന്റെയും മക്കളാണ് മാളവികയും മീനാക്ഷിയും. മലയാലപ്പുഴ സ്വദേശികളായ ലക്ഷ്മിയുടെയും സുജിത്തിന്റെയും മകളാണ് അഭിരാമി.