എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കാഴ്ച്ചകള്‍ കണ്ടറിയാന്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയില്‍ കുടുംബ സമേതം എത്തി. മേളയുടെ അവസാന ദിവസമായ ഇന്നലെ (15.05.2022) ഉച്ചക്കു ശേഷമായിരുന്നു ഭാര്യ റാണി തോമസിനും മകള്‍ ആന്‍മരിയക്കുമൊപ്പം മന്ത്രി പ്രദര്‍ശന മേള ആസ്വദിക്കാന്‍ എത്തിയത്. എന്റെ കേരളം പ്രദര്‍ശന സ്റ്റാളിലേയും വാണിജ്യ സ്റ്റാളുകളിലേയും തീം സ്റ്റാളുകളിലേയും കാഴ്ച്ചകള്‍ മന്ത്രി കുടുംബത്തോടൊപ്പം കണ്ടു. ക്യാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങി വിവിധ പച്ചക്കറി ഇനങ്ങളുടെ വിത്തുകള്‍ മന്ത്രിയും കുടുംബവും വിപണന സ്റ്റാളില്‍ നിന്നും വാങ്ങി. എക്‌സൈസ് വകുപ്പൊരുക്കിയ സ്റ്റാളില്‍ ക്രമീകരിച്ചിരുന്ന ലഹരിക്കെതിരെ ഒരു ത്രോ പരിപാടിയില്‍ ബാസ്‌ക്കറ്റ് ബോള്‍ ത്രോ ചെയ്ത് മന്ത്രിയും കുടുംബവും പ്രചാരണത്തില്‍ പങ്കാളിയായി. കിഫ്ബിയുടെ സ്റ്റാളില്‍ ക്രമീകരിച്ചിരുന്ന വെര്‍ച്വല്‍ റിയാലിറ്റി കോര്‍ണറിലെത്തി വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസ് ധരിച്ചുള്ള കാഴ്ച്ചകളും മന്ത്രിയും കുടുംബവും കണ്ടാസ്വദിച്ചു.