വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരാമാക്കാൻ ഉദ്ദേശിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന എല്ലാവർക്കും സംതൃപ്തി നൽകുന്ന പുനരധിവാസ പാക്കേജാണു പൂർത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽപ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ പ്രശ്‌നങ്ങളിൽ ക്രിയാത്മക നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കാണാതെയുള്ള വികസനമല്ല നടപ്പാക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണു ലൈഫ് പദ്ധതി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് ഇത്തരം പദ്ധതികളുടെ ഗുണഫലം വലിയ തോതിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 2,95,066 വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കി. അടുത്ത ഒരു മാസംകൊണ്ടുതന്നെ ഇതു മൂന്നു ലക്ഷം കടക്കും.
ലൈഫ് പദ്ധതിയിലെ ഓരോ വീടും പൂർത്തിയാകുന്നതു നാടിനു നൽകുന്ന സന്തോഷം വലുതാണ്. സ്വന്തമായി വീടില്ലാതിരുന്ന മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നതിന്റെ സന്തോഷത്തിലാണ്.

സ്വന്തം വീട് എന്നതു ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത സ്വപ്നമെന്നു കരുതിയിരുന്നവർപോലുമുണ്ട് ഇക്കൂട്ടത്തിൽ. ഇവരിൽനിന്നുയരുന്ന ആത്മവിശ്വാസം സമൂഹത്തിനു വലിയ ഉണർവാണു നൽകുന്നത്. കഠിനംകുളം വെട്ടുതുറയിലെ ഐഷാ ബീവിയുടേയും അമറുദ്ദീൻറെയും രണ്ടു മക്കളുടേയും വീടിന്റെ താക്കോൽ കൈമാറിയപ്പോൾ അവരുടെ കണ്ണുകളിൽ ഈ തിളക്കം കാണാൻ കഴിഞ്ഞു. നല്ലൊരു വീട്ടിൽ താമസിക്കാൻ കഴിയുമ്പോഴുണ്ടാകുന്ന പ്രസരിപ്പാണത്. ഇത് ഒരു കുടുംബത്തിനു മാത്രമുണ്ടാകുന്നതല്ല, മൂന്നു ലക്ഷത്തോളം കുടുംബങ്ങളുടെ മനസാണ് ഈ മുഖങ്ങളിലൂടെ പ്രതിഫലിക്കുന്നത്.

ലൈഫ് പദ്ധതിയിലെ ആദ്യ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കുന്നതോടെ പുതിയ കുടുംബങ്ങൾക്കു വീടു നൽകാനുള്ള പദ്ധതിയിലേക്കു കടക്കും. അതിന്റെ ഗുണഭോക്തൃ പട്ടിക അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ്. നാടിന്റെ സഹകരണം ഇത്തരം കാര്യങ്ങളിൽ ഉണ്ടാകുകയെന്നതു പ്രധാനമാണ്. ഭവന സമുച്ചയങ്ങൾ നിർമിക്കുമ്പോൾ ഭൂമി കുറവു മതിയെങ്കിലും വലിയ ചെലവാണുണ്ടാകുന്നത്. ഇതു മുൻനിർത്തിയാണ് ഓരോ കുടുംബത്തിനും സ്വന്തമായ വീട് എന്നതിനു മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായാണു മനസോടിത്തിരി മണ്ണ് എന്ന പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഇതിനോടു വലിയ പ്രതികരണമാണു ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയിൽ സമയബന്ധിതമായി വീടുകൾ നിർമിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനുള്ള സത്വര നടപടികൾ ഉടനുണ്ടാകും. പുതിയ വീടുകൾ നിർമിക്കുന്നതിനു കൂടുതൽ ഭൂമി ആവശ്യമുള്ളതിനാൽ കൂടുതൽ പേർ പദ്ധതിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

കേരളത്തിലെ പാർപ്പിട സൗകര്യങ്ങൾ വർധിക്കുന്നതും പാവപ്പെട്ടവർക്കു വീടില്ലാത്ത അവസ്ഥയ്ക്കു പരിഹാരം കാണുന്നതും വികസനത്തിന്റെ ഭാഗമായി കാണാത്തവരുണ്ട്. ഇതു വികസനത്തിന്റെ സൂചികതന്നെയാണ്. വികസനത്തിന്റെ സ്വാദ് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രം അനുഭവിച്ചാൽപോര. നാട്ടിലെ എല്ലാവർക്കും അത് അനുഭവിക്കാനാകണം. സർവതലസ്പർശിയും സാമൂഹിക നീതിയിലധിഷ്ഠിതവുമായി വികസനം സാധ്യമാകുന്നത് അപ്പോഴാണ്. ഇതിനൊപ്പം വൻകിട, ചെറുകിട പദ്ധതികൾ പശ്ചാത്തല സൗകര്യ വികസന മേഖലയിൽ നടക്കുകയും ചെയ്യണം.
നടക്കില്ലെന്നു കരുതിയ പല പദ്ധതികളും ഇപ്പോൾ യാഥാർഥ്യമായി നമ്മുടെ കൺമുന്നിലുണ്ട്. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാത വികസനത്തിനു കാസർകോഡ് മുതൽ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുപ്പിന്റെ വേണ്ടിവന്നു. സ്ഥലമെടുത്തതിന്റെ പേരിൽ ആരും വഴിയാധാരമായിട്ടില്ല. സ്ഥലമേറ്റെടുപ്പിന്റെ ആനുകൂല്യങ്ങളിൽ ആരും ദുഃഖിതരല്ല, എല്ലാവരും സന്തുഷ്ടരാണ്. അത്ര വലിയ തുകയാണു നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. കൂടുതൽ സൗകര്യത്തോടെ, ആഗ്രഹിക്കുന്ന കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നുവെന്നതാണു സ്ഥലം വിട്ടുനൽകിയവരുടെ അനുഭവം.

വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നാൽ കഷ്ടനഷ്ടം അനുഭവിക്കേണ്ടിവരില്ലെന്നതു നാടിന്റെ അനുഭവമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വംയഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലൈഫ് ഗുണഭോക്താക്കളിൽ സർക്കാരുമായി കരാർ പൂർത്തിയാക്കാനുള്ളവരെ വീടുകളിലെത്തി പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്ന വിപുലമായ നടപടിക്കു സർക്കാർ തുടക്കമിട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കഠിനംകുളം വെട്ടുതുറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വി. ശശി എം.എൽ.എ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് അജിത അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫേഴ്‌സൺ, വാർഡ് അംഗം റീത്ത നിക്‌സൺ, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു.