എന്റെ സംരംഭം, നാടിന്റെ അഭിമാനം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിന്റെ മുഖഛായ മാറ്റി എടുക്കാനുള്ള സംരംഭത്തിന്റെ തുടക്കമാണ് ഈ പദ്ധതി. തൊഴിലില്ലായ്മ എന്ന അവസ്ഥയില്‍ നിന്നും മാറി സാമൂഹ്യ പുരോഗതി ഉണ്ടാകണം, അദ്ദേഹം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫിസര്‍ ജിബിന്‍ കെ ജോണ്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

ജില്ലയിലെ സംരംഭ സാധ്യത മേഖലകള്‍, വിവിധ വകുപ്പുകള്‍/ ഏജന്‍സികള്‍ വഴിയുള്ള പദ്ധതികള്‍, സംരംഭകര്‍ക്കുള്ള സഹായ പദ്ധതികള്‍, ലൈസന്‍സ്, ലോണ്‍, സബ്സിഡി തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ വിശദീകരിച്ചു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ കൈപുസ്തകം കൈമാറി.
പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, പഞ്ചായത്ത് അംഗം റോയ് എവറസ്റ്റ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കമലമ്മ ബാബു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.