* വൺ ഹെൽത്ത്
* വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി
* കാൻസർ നിയന്ത്രണ പദ്ധതി

ആർദ്രം മിഷൻ വിജയകരമായി ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക്. എല്ലാവർക്കും താങ്ങായി പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ആർദ്രം മിഷന്റെ ലക്ഷ്യം. രോഗം, ചികിത്സ എന്ന രീതിയിൽ നിന്നുമാറി ആരോഗ്യം, സൗഖ്യം എന്നീ ആശയത്തിന് പ്രചാരണം നൽകുകയാണ് ആർദ്രം മിഷൻ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകൾ നടത്തുകയുമാണ് രണ്ടാംഘട്ടത്തിൽ. രണ്ടാംഘട്ടത്തിൽ 10 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് പദ്ധതികൾക്ക് തുടക്കമായി. വൺ ഹെൽത്ത്, വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാൻസർ നിയന്ത്രണ പദ്ധതി എന്നിവയാണവ.

ഇന്ത്യയിൽ ആദ്യമായി വൺ ഹെൽത്ത് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിർത്തി രോഗപ്രതിരോധമാണ് വൺ ഹെൽത്തിലൂടെ ലക്ഷ്യമിടുന്നത്. ജന്തുജന്യരോഗങ്ങൾക്ക് കാരണമാകുന്ന അസാധാരണ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തൽ, ആവശ്യകത അനുസരിച്ച പങ്കാളിത്ത ഇടപെടലുകൾ എന്നിവയാണ് വൺ ഹെൽത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യം നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൺ ഹെൽത്ത് പദ്ധതി നടപ്പാക്കും.

ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുന്ന പദ്ധതിയാണ് പോപ്പുലേഷൻ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാർഷിക ആരോഗ്യ പരിശോധന. ഈ പദ്ധതിയിലൂടെ 30 വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള വിവരശേഖരണം ആശാവർക്കർമാർ നടത്തും. ഇതിനായി ഇ-ഹെൽത്ത് മുഖേന ശൈലി എന്ന ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. വിവരശേഖരണം നടത്തി കഴിയുമ്പോൾതന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകും. ഇതിലൂടെ പ്രാദേശികമായും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാർത്ഥകണക്ക് ലഭ്യമാകും. ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും ഇത് ഏറെ സഹായകരമാകും.

കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കാൻസർ നിയന്ത്രണ പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തോടെ കാൻസർ സെന്ററുകളുടേയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ശാസ്ത്രീയമായ അവബോധം നൽകി കാൻസർ കുറച്ച് കൊണ്ടുവരിക, കാൻസർ പ്രാരംഭദിശയിൽ കണ്ടെത്താൻ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കുക, കാൻസർ സെന്ററുകളേയും, മെഡിക്കൽ കോളേജുകളെയും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളേയും ഉൾപ്പെടുത്തി കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2016ലാണ് ആർദ്രം മിഷൻ സംസ്ഥാനത്ത് നടപ്പാക്കിയത്. കേരളത്തിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം, സേവനം മെച്ചപ്പെടുത്തൽ, സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കിയത്. ആശുപത്രികളിലെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതും ന്യായമായ ചെലവിലും സമയത്തിലും സംതൃപ്തിയിലും ചികിത്സ നൽകുന്നതും മിഷന്റെ ലക്ഷ്യമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യകേന്ദ്രങ്ങളായി മാറ്റി മതിയായ മരുന്ന് വിതരണം, ഉറപ്പായ പ്രോട്ടോക്കോളുകൾ എന്നിവയിലൂടെ ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തി പൊതുജനാരോഗ്യവ്യവസ്ഥയിൽ വിശ്വാസം ഉറപ്പാക്കികൊണ്ടാണ് ആരോഗ്യ വകുപ്പ് ആർദ്രം മിഷൻ രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.