സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗവണ്മെന്റ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണെന്നും സ്കൂളുകളുടെ നിലവാരമുയർന്നതാണ് ഇതിന് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആറ്റൂർ ഗവ.യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തകർച്ചയിലായിരുന്ന സർക്കാർ സ്കൂളുകൾ മികച്ച നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. സ്കൂളുകളുടെ നിലവാരം ഇനിയും മെച്ചപ്പെടുത്തണം. ചേലക്കര നിയോജക മണ്ഡലത്തിലെ സ്കൂളുകൾ ഉന്നത നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള ഇടപെടലുകൾ മികച്ച രീതിയിൽ തന്നെ നടത്തി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തും നാം മുന്നിലാണെന്നും കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള സാധ്യത വർധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ആറ്റൂർ യു പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷത്തിൽ തന്നെ പൂർത്തീകരിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പൊതുവിദ്യാഭ്യസ വകുപ്പിൻ്റെ കോപ്പസ് ഫണ്ടിൽ നിന്നും അനുവദിച്ച 2.56 കോടി രൂപ ഉപയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത് . മൂന്ന് നിലകളിലായി 15 ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടമാണ് നിർമിക്കുക. 18 മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ചടങ്ങിൽ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലടത്ത് അധ്യക്ഷയായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാന്റോ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.