ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വാർഡുകളിൽ ചെലവാക്കാനുള്ള തുക ഉയർത്തി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒരു വാർഡിന് 30000 രൂപവരെ ചെലവിടാം. ഇതിൽ ശുചിത്വ മിഷന്റെ വിഹിതം 10,000 രൂപയും എൻ എച്ച് എം വിഹിതം 10,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ട് വിഹിതം 10000 രൂപയും ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേഷൻ വാർഡിൽ 40000 രൂപ ചെലവഴിക്കാം. ഇതിൽ ശുചിത്വ മിഷൻ വിഹിതം 20000 രൂപയായിരിക്കും. എൻ എച്ച് എം, തനത് ഫണ്ട് വിഹിതം 10000 രൂപയായും നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമ്പോൾ ശുചിത്വമിഷൻ വിഹിതം ലഭ്യമായില്ലെങ്കിൽ തനത് ഫണ്ടിൽ നിന്ന് അത്രയും തുക വിനിയോഗിക്കാനും ശുചിത്വമിഷന്റെ തുക അനുവദിക്കുന്ന മുയയ്ക്ക് തിരിച്ചുപിടിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.