സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വേദിയില്‍ തകര്‍ത്താടി ഊരാളി ബാന്‍ഡ്. മലയാളി കണ്ടുശീലിച്ച സംഗീത പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി നാടകവും കഥപറച്ചിലും പാട്ടും ഇടകലര്‍ത്തിയുള്ള അവതരണം കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി.
ഊരാളി ബാന്‍ഡിന്റെ ട്രേഡ് മാര്‍ക്കായ ഊരാളി എക്‌സ്പ്രസ് എന്ന് പേരിട്ട പ്രത്യേകം തയ്യാറാക്കിയ ബസില്‍ ആട്ടവും പാട്ടവുമായാണ് ഗായക സംഘം വേദിയിലേക്കെത്തിയത്. പാശ്ചാത്യ രീതിയിലുള്ള ഒരു പാട്ടോടെ തുടങ്ങിയ പാട്ടും പറച്ചിലും ഒടുവില്‍ കാണികളെ ത്രസിപ്പിച്ചാണ് അവസാനിച്ചത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളി ബാന്‍ഡിന്റെ സംഗീതാവതരണത്തില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയായി.
എന്റെ കേരളം മെഗാ മേളയുടെ ഭാഗമായി ഇന്ന് (മെയ് 27ന്) കനകക്കുന്നില്‍ സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന സൂഫി സംഗീതം ഉണ്ടാകും.