തിരുവനന്തപുരം: മണ്‍സൂണ്‍ സീസണ്‍ മുന്നില്‍ കണ്ട് മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പൊതുമരാമത്ത്, ജല അതോറിറ്റി, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തികൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തിനു മുന്‍പായി പൂര്‍ത്തിയാക്കണം. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഇത് തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം. കൂടാതെ പ്രളയ സാഹചര്യം മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തണം.

വിവിധ നിര്‍മാണ പ്രവൃത്തികള്‍ യോഗം അവലോകനം ചെയ്തു. റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം വേഗത്തിലാക്കണം. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലകളില്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കണം.

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 31 നകം പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ സ്‌കൂളുകളും പരിശോധിച്ച് എത്രയും വേഗത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പണികഴിപ്പിച്ച സ്‌കൂളുകളിലെ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. പട്ടിക വര്‍ഗ മേഖലകളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള ഗോത്ര സാരഥി പദ്ധതി പൂര്‍ണമായി നടപ്പാക്കാണമെന്നും അതിനുവേണ്ട സജീകരണങ്ങള്‍ ഒരുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. എം.എല്‍.എ ഫണ്ടുകളുടെ ടെന്‍ഡറിംഗ് സേവിംഗ്‌സ് എടുക്കന്നതിനുള്ള ബുദ്ധിമുട്ട് അടിയന്തിരമായി പരിഹരിക്കാനും യോഗം നിര്‍ദേശിച്ചു.

ജില്ലയിലെ മന്ത്രിമാരുടേയും എം.പിമാരുടേയും എം.എല്‍.എമാരുടേയും പ്രതിനിധികള്‍, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജു, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.