സംസ്ഥാനത്ത് നടക്കുന്നത് കക്ഷിരാഷ്ട്രീയമില്ലാത്ത വികസനം-മുഖ്യമന്ത്രി

സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ യാതൊരു ഭേദചിന്തയും ഉണ്ടായിട്ടില്ലന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പുതിയതായി നിര്‍മിച്ച 75 സ്‌കൂള്‍ കെട്ടിങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ ഏഴു സ്‌കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

എല്ലാ മേഖലയിലും വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതില്‍ കക്ഷിരാഷ്ട്രീയമില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനത്തിന്റെ സ്വാദ് ആസ്വദിക്കാനാകണം. സ്‌കൂളുകള്‍ നവീകരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് സാധാരണക്കാര്‍ക്കാണ്.

ഇല്ലായ്മയുടെ പര്യായമായിരുന്ന പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അതിവേഗ വികസനക്കുതിപ്പാണ് സംഭവിച്ചത്. ഓരോ കൊല്ലവും ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടുകളില്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അസാധ്യമെന്ന് കരുതിയ പലതും നടപ്പാക്കി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്ന് ആരെയും വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുണ്ട്. അക്കാദമിക് മികവിലും മുന്നേറാന്‍ നമ്മുടെ സ്‌കൂളുകള്‍ക്ക് സാധിച്ചു-മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ ഇന്നലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്‌കൂളുകളുടെ പട്ടിക ചുവടെ. അനുവദിച്ച തുക ബ്രാക്കറ്റിള്‍- തിരുനെല്ലൂര്‍ ഗവണ്‍മെന്റ് എച്ച.എസ്.എസ് (3.18 കോടി രൂപ), പാനൂര്‍ക്കര ഗവണ്‍മെന്റ് യു.പി.എസ് (1.54 കോടി), കാക്കാഴം ഗവണ്‍മെന്റ് എച്ച്.എസ്.എസ് (മൂന്നു കോടി), മാവേലിക്കര ഗവണ്‍മെന്റ് ജി.എച്ച്.എസ്.എസ് (അഞ്ചു കോടി), കോഴിമുക്ക് ഗവണ്‍മെന്റ് എല്‍.പി.എസ് (60 ലക്ഷം), കൊടുപുന്ന ഗവണ്‍മെന്റ് എച്ച്.എസ് (ഒരു കോടി), കരുമാടി കെ.കെ.കെ.പി.എസ്. ഗവണ്‍മെന്റ് എച്ച.എസ്. (ഒരു കോടി). അതത് സ്ഥലങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.