പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍ എഫ് ഐ ഡി ) മൈക്രോചിപ്പിന്റേയും റീഡറിന്റേയും ഔദ്യോഗിക വിതരണവും പത്തനംതിട്ട ഓമല്ലൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇ-സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 14 ലക്ഷം കന്നുകാലികളാണ് കേരളത്തിലുള്ളത്. ഇവയുടെ രോഗസാധ്യത ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റീബില്‍ഡ് കേരളയുടെ ഭാഗമായി പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്ക് 20.50 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയാണ് ഈ പദ്ധതിയുടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി നടപ്പാക്കാനായി ഏറ്റെടുത്തിരിക്കുന്നത്.

ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ക്ഷീരകര്‍ഷകര്‍ കടന്നുപോകുന്നത്. ഉത്പാദനചിലവ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഭീമമായ വില കൊടുത്താണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ കാലിത്തീറ്റ വാങ്ങുന്നത്. പാലിന്റെ വില വര്‍ധിപ്പിക്കാതെ തന്നെ ക്ഷീരകര്‍ഷകര്‍ക്ക് മൃഗങ്ങള്‍ക്കുള്ള തീറ്റ വാങ്ങുന്നത് എങ്ങനെ ലാഭകരമാക്കാം എന്ന കാര്യം സര്‍ക്കാരും മൃഗസംരക്ഷണ വകുപ്പും ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മില്‍മ, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്ന് നിശ്ചിത തുക ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചതായും ക്ഷീരദിനത്തില്‍ പതിനായിരം കര്‍ഷകര്‍ക്ക് ലോണ്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കൂടാതെ, കേരളത്തിലെ സ്വകാര്യ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വില കൂടുതലുള്ള കാലിത്തീറ്റയ്ക്ക് പകരം സംസ്ഥാന സര്‍ക്കാരിന്റെ ഗുണമേന്‍മയുള്ള കേരളഫീഡ്സ് കാലിത്തീറ്റ ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതും പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്. അതിനായി കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കരുതെന്ന് കേരളഫീഡ്സിന് സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി. കട്ടിയുള്ള പാലിനും കന്നുകാലികളുടെ പരിപൂര്‍ണ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാകുന്ന ഒന്നാണ് ചോളം. അത് മുന്നില്‍ കണ്ട് കേരള ഫീഡ്‌സിന്റെ നേതൃത്വത്തില്‍ ചോളം കൃഷി തുടങ്ങും. ഗുണമേന്‍മയുള്ള ചോളം കേരളത്തില്‍ കൃഷി ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിച്ചുകൊണ്ട് തന്നെ മേഖലയെ പരിപോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പച്ചപ്പുല്ലിന്റെ കൃഷി വ്യാപകമാക്കാനുള്ള നടപടികളും നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.