കനകക്കുന്നില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചുകൊണ്ട് നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഇനി മൂന്ന് നാളുകള്‍ കൂടി. പ്രായ ഭേദമന്യേ ജനശ്രദ്ധ ആകര്‍ഷിച്ച് മുന്നേറുകയാണ് മേള. തത്സമയവും സൗജന്യവുമായും ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ ഏറെ സ്വീകാര്യത നേടി.  ആവാസ് കാര്‍ഡ് രജിസ്ട്രേഷനും മറ്റുമായി സ്റ്റാളില്‍ എത്തുന്ന അതിഥിതൊഴിലാളികള്‍, എല്ലാ വിഭാഗങ്ങള്‍ക്കിടയിലുമുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ സാക്ഷ്യപത്രമായി. സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിപാടികളിലൂടെയും ഓരോ വകുപ്പുകളും ജനഹൃദയങ്ങള്‍ കീഴടക്കി. സ്മാര്‍ട്ട് അങ്കണവാടിയുടെ മാതൃകയടക്കം എല്ലാവര്‍ക്കും ആസ്വാദ്യകരമാകും വിധമാണ് മേള ഒരുക്കിയിരിക്കുന്നത്.  വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ടിങ് സ്പോട്ട്, തത്സമയ ‘നെയ്ത്തും നൂല്‍പ്പും’, മണ്‍പാത്ര നിര്‍മാണം, ജയില്‍ വകുപ്പ് ഒരുക്കിയിരിക്കുന്ന മാതൃക, കൃഷി വകുപ്പിന്റെ  പ്രദര്‍ശനത്തോട്ടങ്ങള്‍, വനം വകുപ്പ് ഒരുക്കിയ കാടിന്റെ ചെറുപതിപ്പ് എന്നിവ സെല്‍ഫി- ഫോട്ടോഗ്രഫി പ്രേമികളുടെ പ്രിയപ്പെട്ട ഇടമായി മാറി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രായോഗിക പഠന പരിപാടികള്‍,  കേരള പോലീസിന്റെ സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി, എക്സൈസ് വകുപ്പിന്റെ ഗെയിം പോയിന്റ്, വിവിധ വകുപ്പുകളുടെ ക്വിസ് മത്സരങ്ങള്‍ തുടങ്ങി ഓരോ സ്റ്റാളും തിളക്കമുറ്റതായി. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതല്‍ നടക്കുന്ന ‘ഡോഗ് ഷോ’യില്‍ പോലീസ് സേനയിലെ ശ്വാനവീരന്മാരെ പരിചയപ്പെടാം.

വകുപ്പുകളും അവയ്ക്കു കീഴിലുള്ള ചെറുകിടവ്യാപാരികളും നടത്തുന്ന വിപണന സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് ന്യായവിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ മികച്ച അവസരമാണ്. മറ്റു വിപണികളില്‍ ലഭ്യമല്ലാത്ത കരകൗശല ഉത്പന്നങ്ങള്‍ക്കാണ് മേളയില്‍ ആവശ്യക്കാര്‍ ഏറെ. ‘മുട്ട സുനാമി’ മുതല്‍ ‘മോമോസ്’ വരെയുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ടുകളാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. വിവിധ ജില്ലകളുടെ തനത് രുചികള്‍ ഇവിടെ നിന്നും ആസ്വദിക്കാം. ജൂണ്‍ രണ്ടുവരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നു.  പ്രവേശനം സൗജന്യമാണ്.