സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തില്‍ സൗജന്യമായി കരസ്ഥമാക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള എന്റെ കേരളം പ്രദര്‍ശന മേളയിലെ വനിതാ കമ്മിഷന്‍ സ്റ്റാളിലാണ് സ്ത്രീസംരക്ഷണ നിയമ പുസ്തകം സൗജന്യമായി ലഭിക്കുന്നത്. ഇതിന് പുറമേ സ്ത്രീകള്‍ക്ക് തത്സമയം പരാതി നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് കൂടുതലായി പരാതിയുണ്ടാകാറുളള ഗാര്‍ഹിക പീഡനം നിയമം സൂക്ഷ്മതലത്തില്‍ ഒറ്റനോട്ടത്തില്‍ അറിയുന്ന വിധം തീം ഒരുക്കിയാണ് സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിനായി ഓണ്‍ലൈന്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും കമ്മിഷനെ കുറിച്ച് കൂടുതലറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.