*വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. വിദ്യാർഥികളും അധ്യാപകരും മാസ്‌ക്ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്.

പി.എസ്.സി നിയമനമം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിക്ക് കയറും. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയിരുന്നു. റോഡിൽ തിരക്കിന് സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്‌കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.