തീരമേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും-മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാകും വിധത്തില്‍ തീരമേഖലകളില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചേര്‍ത്തല അന്ധകാരനഴി വടക്കേ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറു വര്‍ഷങ്ങളിലും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ തീരമേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച 20 സ്‌കൂളുകള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ആകെ 57 സ്‌കൂള്‍ കെട്ടിടങ്ങളാണ് ഇങ്ങനെ നിര്‍മിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രത മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. സമീപ കാലത്ത് തീര മേഖലയില്‍ നിന്ന് 65 പേര്‍ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയതുതന്നെ ഇതിന് വ്യക്തമായ ഉദാഹരണമാണ്.
തീരദേശ റോഡുകളുടെ വികസനവും യാഥാര്‍ത്ഥ്യമാക്കും. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ പുതിയ റോഡുകളുടെ നിര്‍മാണത്തിനായി വരും വര്‍ഷങ്ങളില്‍ പണം അനുവദിക്കും. ചെത്തി ഹാര്‍ബറിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. തോട്ടപ്പള്ളി ഹാര്‍ബറിന്റെ നിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കടലാക്രമണ സാധ്യതയുള്ള മേഖലകളിലെല്ലാം കടല്‍ഭിത്തിയുടെ നിര്‍മാണം നടന്നുവരുന്നു. സമീപ ഭാവിയില്‍ തന്നെ നമ്മുടെ തീരമേഖലയെ അപകടഭീതിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു.
പാലത്തിനു സമീപം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ദലീമ ജോജോ എംഎല്‍എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സാബു, ഹാര്‍ബര്‍ എഞ്ചനീയറിംഗ് വകുപ്പ് മധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിജി കെ. തട്ടാമ്പുറം, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.ജെ. ആന്‍സി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.